Latest NewsInternational

അമേരിക്കന്‍ വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഒരാള്‍ അഫ്ഗാന്‍ ഫുട്ബോള്‍ താരം

താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ പാലായനം ചെയ്യാന്‍ ശ്രമിച്ച പത്തൊമ്പതുകാരനായ സാക്കി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലാണ് കയറിപ്പറ്റിയത്.

കാബൂള്‍: കാബൂളില്‍ പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഒരാള്‍ അഫ്ഗാന്‍ ദേശീയ ഫുട്ബാള്‍ താരം സാക്കി അന്‍വാരിയാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച രണ്ടാമത്തെയാള്‍ ഒരു ഡോക്ടറാണെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ പാലായനം ചെയ്യാന്‍ ശ്രമിച്ച പത്തൊമ്പതുകാരനായ സാക്കി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലാണ് കയറിപ്പറ്റിയത്. ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച ഖത്തറില്‍ ലാന്‍ഡ് ചെയ്ത ‘സി 17എ’ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ക്യാബിനിലാണ് മൃതദേഹം കണ്ടെത്തിയത്. ക്യാബിനില്‍ ആളുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഖത്തറില്‍ ഇറക്കിയെങ്കിലും അപ്പോഴേക്കും സാകി മരിച്ചു. അഫ്ഗാന്‍ സ്പോര്‍ട്സ് വിഭാഗം ജനറല്‍ ഡയറക്ടറാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. പതിനാറാം വയസുമുതല്‍ ദേശീയ ജൂനിയര്‍ ടീമംഗമായിരുന്നു സാക്കി. ‘നിങ്ങളുടെ ജീവിതത്തിന് നിറം നല്‍കുന്നത് നിങ്ങള്‍തന്നെയാണ്. മറ്റാര്‍ക്കും ആ ബ്രഷ് നല്‍കാതിരിക്കുക’ എന്ന് അവസാന ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

വിമാനത്തില്‍നിന്ന് വീണ് മരിച്ചവര്‍ കാബൂളുകാരായ, 16ഉം 17ഉം വയസ്സുള്ള സഹോദരങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ട്. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേക്കുവീഴുന്ന രംഗങ്ങള്‍ തിങ്കളാഴ്ചയാണ് വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. വിമാനത്താവളത്തിന് സമീപത്തെ ഒരു കെട്ടിടത്തിന്റെ ടെറസിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കെട്ടിട ഉടമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം അമേരിക്കന്‍ വിമാനത്തിന്റെ ടയറുകളിലും മറ്റും മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച്‌ വ്യോമസേന അന്വേഷണമാരംഭിച്ചു. വിമാനത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഇപ്പോഴും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button