കാബൂൾ: ലോകത്തെ ഏറ്റവും അഹങ്കാരിയായ ശക്തിയെ തോൽപ്പിച്ചെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് താലിബാൻ വ്യാഴാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എന്നാൽ, സർക്കാരുണ്ടാക്കുന്നതു സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനത്തിലെത്തിയിട്ടില്ലാത്ത താലിബാന് ഭരണമേറ്റെടുക്കുമ്പോൾ കടമ്പകളേറെ കടക്കാനുണ്ടെന്നാണ് വിലയിരുത്തൽ. മരവിച്ച സർക്കാർ സംവിധാനം പുനഃസ്ഥാപിക്കുന്നതുമുതൽ പഞ്ചശീറിൽ ഉയർന്നുവരുന്ന പ്രതിപക്ഷ സായുധസഖ്യത്തെ നേരിടുന്നതുവരെ നീളുന്നു കടമ്പകൾ.
എ.ടി.എമ്മുകൾ പൂർണമായും കാലിയാണ്. ഇറക്കുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിവരെ കൈകാര്യം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കണം. നിലച്ച സർക്കാർ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമവും താലിബാന്റെ ഭാഗത്തുനിന്നുണ്ട്. സർക്കാർ ജീവനക്കാർ ജോലിക്കു തിരികെവരാൻ വീടുകളിൽ കയറിയിറങ്ങി ആഹ്വാനംചെയ്യുന്നുണ്ടെങ്കിലും പലരും ഭീതിയിൽ ഒളിവിൽത്തന്നെയാണ്.
അഫ്ഗാനിസ്താൻ സെൻട്രൽ ബാങ്കിന്റെ വിവിധരാജ്യങ്ങളിലായുള്ള സ്വർണ, പണ നിക്ഷേപം താലിബാന് കൈകാര്യം ചെയ്യാനാവില്ലെന്ന് സെൻട്രൽ ബാങ്ക് മേധാവി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുമുണ്ട്. ഇതോടെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് താലിബാൻ പോകുന്നത്.
Post Your Comments