ന്യൂഡല്‍ഹി: അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ, രാജ്നാഥ് സിംഗ് അടക്കമുള്ളവര്‍ പങ്കെടുത്തു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നാണ് സൂചന.
അഫ്ഗാനിലുള്ള ഇന്ത്യയ്ക്കാരെ എല്ലാവരേയും തിരികെ എത്തിയ്ക്കാനുള്ള നടപടി ക്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി ഇന്ത്യ പ്രത്യേക പദ്ധതി യോഗത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലാറ്റിന്‍ അമേരിക്കന്‍ യാത്ര റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങും. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താനും യോഗത്തില്‍ ധാരണയായി.
അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്തുവിടുമെന്നാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇതിനിടെ അഫ്ഗാനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ സ്ഥാനപതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലേക്ക് ക്ഷണിച്ച് സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.
Post Your Comments