Latest NewsKeralaNews

‘അതിജീവനത്തിനായി അവര്‍ രാജ്യതലസ്ഥാനത്ത് സമരം തുടരുകയാണ്’: കാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ചിങ്ങം ഒന്നിന് കര്‍ഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ കാര്‍ഷിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാനും കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകള്‍ പങ്കുവെയ്ക്കാനുമൊക്കെയുള്ള ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read: കോവിഡ് കാലത്തെ ക്ഷീണം തീര്‍ക്കാനൊരുങ്ങി ബെവ്‌കോ: ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം

കര്‍ഷകരുടെ പുരോഗതിയ്ക്കും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ചു നില്‍ക്കാമെന്നും കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിക്കായി കൈകോര്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധം ഇന്നും തുടരുകയാണെന്നും മുഖ്യമന്ത്രി കാര്‍ഷിക ദിനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചിങ്ങം ഒന്ന് കര്‍ഷകദിനമാണ്. ജനതയുടെ ഭൂരിഭാഗവും കൃഷിയിലും കാര്‍ഷികവൃത്തികളിലും ഏര്‍പ്പെട്ട് ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ഈ ദിനത്തിന് അതീവ പ്രാധാന്യമുണ്ട്. പ്രാകൃതമായ ജീവിതാവസ്ഥകളില്‍ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യന്റെ വളര്‍ച്ചയില്‍ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിര്‍ഭാവമാണ്. അന്നവും, ഭാഷയും, സംസ്‌കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ നമ്മുടെ കാര്‍ഷിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാനും കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്.

നവഉദാരവല്‍ക്കരണ നയങ്ങളുടെ ആരംഭം മുതല്‍ നമ്മുടെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അന്താരാഷ്ട്ര വാണിജ്യകരാറുകളും കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നയങ്ങളും കര്‍ഷകരെ ദോഷകരമായി ബാധിച്ചു. അനേകലക്ഷം കര്‍ഷകര്‍ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്ന അവസ്ഥ വന്നു. അതിജീവനത്തിനായി അവര്‍ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഇന്നും തുടരുകയാണ്.

ഇത്തരമൊരു സ്ഥിതി കര്‍ഷകദിനത്തിന്റെ പ്രധാന്യം ഇരട്ടിപ്പിക്കുകയാണ്. കര്‍ഷകരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം അവര്‍ക്കനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനും നാം ശ്രമിക്കണം. കര്‍ഷകരുടെ പുരോഗതിയ്ക്കും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി നമുക്കൊരുമിച്ചു നില്‍ക്കാം. കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിക്കായി കൈകോര്‍ക്കാം.എല്ലാ കര്‍ഷകര്‍ക്കും അഭിവാദ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button