മലപ്പുറം: വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തിയ മലപ്പുറം എ ആര്‍ സഹകരണ ബാങ്കിനെതിരെ പരാതിയുമായി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഇടപാടുകാര്‍ അറിയാതെ അവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാടാണ് ബാങ്കില്‍ നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധിയാളുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു.
ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം വേങ്ങര സ്വദേശിയായ വേണുഗോപാല്‍ എന്നയാള്‍ അറിയുന്നത്. 25 ലക്ഷം രൂപയുടെ പണമിടപാടാണ് വേണുഗോപാലിന്റെ അക്കൗണ്ടിലൂടെ നടന്നത്. അഞ്ച് തവണയായി 5 ലക്ഷം രൂപ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്. പണം പിന്‍വലിക്കാന്‍ വേണുഗോപാല്‍ ചെക്ക് ഒപ്പിട്ട് നല്‍കിയിട്ടില്ലാത്തതിനാല്‍ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന.
അതേസമയം, തന്റെ അറിവോടെയല്ല പണമിടപാട് നടന്നതെന്ന് വേണുഗോപാല്‍ ആദായ നികുതി വകുപ്പിനെ രേഖാമൂലം അറിയിച്ചു. നേരത്തെ, അങ്കണവാടിയിലെ ടീച്ചറായ ദേവിയ്ക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ദേവിയുടെ അക്കൗണ്ടിലൂടെ 80 ലക്ഷം രൂപയുടെ ഇടപാട് നടന്നിരുന്നതായാണ് കണ്ടെത്തിയത്.
Post Your Comments