കാബൂൾ: ഇരുപത് വർഷം അഫ്ഗാനിൽ ചെലവഴിച്ച കോടിക്കണക്കിനു ഡോളറും ഭീമമായ സൈനികപ്രയത്നവും പാഴാക്കി അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതിലും താലിബാൻ ഭീകരർ അഫ്‌ഗാനിൽ ആധിപത്യം സ്ഥാപിച്ചതിലും സന്തോഷിക്കുന്ന രാജ്യങ്ങളിൽ പ്രഥമസ്ഥാനത്താണ് പാകിസ്ഥാൻ. വർഷങ്ങളായി അഫ്ഗാനിസ്താനിലെ താലിബാൻ ഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിതമായ താവളമാണ്. ഭീകരരിൽ പലർക്കും പാകിസ്ഥാനിൽ വീടും കുടുംബവുമുണ്ടെന്നും ഇവർക്ക് ആവശ്യമായ പിന്തുണയും പരിശീലനവും നൽകിയിട്ടുണ്ടെന്നും അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ സേന അഫ്ഗാനിൽനിന്ന് പിൻവാങ്ങിയതോടെ പതിനായിരത്തിലധികം ഭീകരർ പാകിസ്ഥാനിൽ നിന്ന് അഫ്ഗാനിലെത്തി താലിബാനിൽ ചേർന്നെന്ന് അധികാരം വിട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇത് ശക്തമായി നിഷേധിച്ചെങ്കിലും അഷ്റഫ് ഗനിയുടെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു പാക് – അഫ്ഗാൻ അതിർത്തിയിൽനിന്നും വന്ന റിപ്പോർട്ടുകൾ.
അഫ്ഗാനിലെ താലിബാൻ ഭീകരാക്രമണങ്ങൾക്കെതിരെ സമാധാന ദൗത്യങ്ങൾക്കായി രാജ്യാന്തര തലത്തിൽ ഇടപെടുന്നതായി നടിക്കുമ്പോഴും ഇമ്രാൻ ഖാൻ താലിബാൻ ഭീകരരുടെ അതിക്രമങ്ങളെ അപലപിക്കാറില്ല. മാത്രമല്ല താലിബാൻ ഭീകരർക്കെതിരായ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്യാറുമില്ല. പാകിസ്ഥാൻ സേനയിലെയും സർക്കാരിലെയും വലിയൊരു വിഭാഗം അഫ്ഗാനിൽ താലിബാന്റെ വിജയം അനിവാര്യമാണെന്നു കരുതുന്നവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, അഫ്ഗാനിലെ താലിബാൻ വിജയം നിലവിൽ നിരോധിത സംഘടനയായ പാകിസ്ഥാൻ താലിബാനെ ശക്തിപ്പെടുത്തുമെന്ന ആശങ്ക പാക്ക് സുരക്ഷാ ഏജൻസികൾ പങ്കുവെക്കുന്നുണ്ട്. 2014 ൽ പെഷവാറിലെ സ്കൂളിൽ കുട്ടികൾ അടക്കം 145 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിലും കഴിഞ്ഞ ജൂലൈ 14ന് പാകിസ്ഥാനിൽ ബസിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 9 ചൈനക്കാർ അടക്കം 14 പേർ കൊല്ലപ്പെട്ടതിന് പിന്നിലും പാക് താലിബാനാണെന്ന് വ്യക്തമായിരുന്നു. തീവ്രവാദത്തിലൂടെ അധികാരം പിടിച്ചടക്കിയ ഒരു രാജ്യവും അതിന് പിന്തുണ നൽകിയ രാജ്യവും സമീപഭാവിയിൽ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകുമെന്നാണ് ലോക രാജ്യങ്ങളുടെ നിഗമനം.
Post Your Comments