വിജയവാഡ : സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്ന് യുവാവ്. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ പി. ശശികൃഷ്ണ(22)യെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രതി കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആറു തവണ പെണ്‍കുട്ടിക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും യുവാവും ആറു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ ഓട്ടോമൊബൈല്‍ ഷോപ്പിലാണ് ജോലിചെയ്തിരുന്നത്. അടുത്തിടെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായി. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു യുവാവിന്റെ സംശയം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് രമ്യശ്രീ ഇതുവരെ പരാതിപ്പെട്ടിരുന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം.
Post Your Comments