കാബൂള്‍ : കാബൂള്‍ പിടിച്ചെടുക്കാന്‍ പോരാളികള്‍ എത്തിയിട്ടുണ്ടെന്ന അവകാശവാദം നിലനില്‍ക്കെ അഫ്ഗാനിസ്ഥാന് മുന്‍ സൈനികനും യുഎസ് സഖ്യകക്ഷിയുമായ ജനറല്‍ ദോസ്തുവിന്റെ കൊട്ടാര ഭവനം താലിബാന് ആക്രമിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗത്തു അഫ്ഗാനില്‍ ഏറ്റവും ശക്തവും സുരക്ഷിതവുമായി സംരക്ഷിക്കപ്പെടുന്ന മസര്‍ -ഇ -ഷെരീഫ് നഗരം വിമതര്‍ പിടിച്ചെടുത്തതും അഫ്ഗാന് സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയായി മാറി.
Read Also : താലിബാന് കാബൂളില്‍ പിടിമുറുക്കുമ്പോള്‍ ഓടിയൊളിക്കാന്‍ സ്ഥലമില്ലാതെ സ്ത്രീകൾ: മരണനിഴലിൽ കഴിയുന്ന അഫ്ഗാൻ ജനത
ആര്‍മി മാര്‍ഷല്‍ റാഷിദ് ദോസ്തുവിന്റെ വീട്ടിലാണ് താലിബാന് റെയ്ഡ് നടത്തുകയും തുടര്‍ന്ന് ആക്രമണം നടത്തുകയും ചെയ്തത്. മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റായിരുന്നു ജനറല്‍ ദോസ്തു. താലിബാനെ ഭയന്ന് പതിനായിരക്കണക്കിന് അഫ്ഗാനികളാണ് തങ്ങളുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പക്തിക പ്രവിശ്യയും, ചെറിയ കുനാര്‍ പ്രവിശ്യയും വടക്ക് ഫരിയാബ് പ്രവിശ്യയും മധ്യ പ്രവിശ്യയായ ദായ്കുണ്ഡിയും താലിബാന് പിടിച്ചെടുത്തതായി നിലവില്‍ പറയപ്പെടുന്നു.
താലിബാന് ഇപ്പോള്‍ കാബൂളിന്റെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍ നിയന്ത്രിക്കുകയും അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തിലേയ്ക്ക് ആക്രമണ പരമ്പര അഴിച്ചുവിട്ട് അവിടം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമാണെന്നാണ് പുറത്തുവരുന്ന വിവരം. അവിടെയാണ് യുഎസ് എംബസി സ്ഥിതിചെയ്യുന്നത്. കാബൂളില്‍ നിന്ന് ഏഴ് മൈല്‍ മാത്രം അകലെയാണ് അഫ്ഗാന് സൈന്യം ഇപ്പോള്‍ താലിബാനോട് പോരാടുന്നത്.
അതേസമയം, കാബൂള്‍ താലിബാന് വളഞ്ഞതിനു പിന്നാലെ, സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ സത്താര്‍ മിര്‍സാക്വാല്‍ പറഞ്ഞു. എന്നാല്‍ കാബൂളിലേക്കു കടന്ന താലിബാന്, പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. കാബൂളിനു മൂന്നു മാസം പോലും പിടിച്ചു നില്ക്കാനാകില്ലെന്നു യുഎസ് ഇന്റലിജന്‍സ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു.
വിഷയത്തില്‍ പ്രസിഡന്റ് ഗനി പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ പോരാട്ടം ഇല്ലാതെതന്നെ കിഴക്കന്‍ പട്ടണമായ ജലാലാബാദ് താലിബാന് പിടിച്ചെടുത്തിരുന്നു. ഇതോടെ അഫ്ഗാനിലെ പ്രധാന ഹൈവേകളില്‍ ഒന്നിന്റെ സമ്പൂര്‍ണ നിയന്ത്രണവും താലിബാനായി. സമീപപ്രദേശവും പാക്കിസ്ഥാന് അതിര്‍ത്തിയുമായ തൊര്‍ഖാമും താലിബാന്റെ നിയന്ത്രണത്തിലായതോടെ കാബൂള്‍ വിമാനത്താവളം മാത്രമായിരുന്നു അഫ്ഗാനില്‍നിന്നു പുറത്തുകടക്കാനുള്ള ഏക മാര്‍ഗം.
Post Your Comments