കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിനെ വഴിതെറ്റിക്കുന്നു എന്ന കാരണത്താൽ കൂട്ടുകാരനായ കെട്ടിട നിർമാണ കരാറുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. കേരള ബാങ്ക് കണ്ണൂർ ശാഖ ജീവനക്കാരി എൻ.വി.സീമയെയാണ് (52) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. സീമ നൽകിയ മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി തള്ളിയതിനു തൊട്ടു പിന്നാലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ വഴിതെറ്റിക്കുന്നതിലും കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിലുമുള്ള വിരോധത്തിലാണ് ചെറുതാഴം ശ്രീസ്ഥ അതിയടത്തെ കരാറുകാരൻ സുരേഷ് ബാബുവിനെ (55) ആക്രമിക്കാൻ സീമ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. അതിയടത്തെ വീട്ടിൽ കാറിലെത്തിയ നാലംഗ സംഘം കഴിഞ്ഞ ഏപ്രിൽ 18ന് ആണ് സുരേഷ് ബാബുവിനെ മാരകമായി വെട്ടി മുറിവേൽപിച്ചത്.
Read Also: നിരന്തരമായി ശല്യം ചെയ്ത യുവതിയെ വെട്ടിയ ശേഷം വൃദ്ധന്‍ ജീവനൊടുക്കിയ സംഭവം: വെട്ടേറ്റ യുവതി മരിച്ചു
സുരേഷ് ബാബുവിനെ വെട്ടിപ്പരുക്കേൽപിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ ഏൽപിച്ചത് സ്ത്രീയാണെന്നു വെളിപ്പെട്ടത്. ഗ്രേഡ് എസ്ഐ ആയ ഭർത്താവിന്റെ സുഹൃത്തും അയൽവാസിയും ബന്ധുവുമായ സുരേഷ് ബാബുവിനെ ആക്രമിക്കാൻ 3 ലക്ഷം രൂപയ്ക്കാണു ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. സുരേഷ് ബാബുവിനെ വെട്ടി പരുക്കേൽപിച്ച ക്വട്ടേഷൻ സംഘത്തിലെ 5 പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സീമയുടെ പങ്ക് വ്യക്തമായതെന്നു പൊലീസ് അറിയിച്ചു. സുരേഷ് ബാബുവിനെ വെട്ടിയ കേസിൽ 2 പേരെക്കൂടി പിടികൂടാനുണ്ട്.
Post Your Comments