കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മുന്നേറ്റം തുടരുകയാണ്. രാജ്യത്തെ രണ്ടാമത്തെ വമ്പന്‍ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ട് താലിബാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതോടെ അഫ്ഗാന്‍ സൈന്യത്തിന് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പുതിയ ഫോര്‍മുല മുന്നോട്ടുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാധാന ചര്‍ച്ച സമിതി. പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ സര്‍ക്കാരിനെ പൂര്‍ണമായി പുറത്താക്കുന്ന പുതിയ ഫോര്‍മുലയ്ക്കാണ് സമാധാന സമിതി രൂപം നല്‍കുന്നത്. രാജ്യത്ത് അടിയന്തരമായി വെടിനിര്‍ത്തലിന് വേണ്ടിയാണ് പുതിയ ഫോര്‍മുല സമാധാന ചര്‍ച്ച സമതി മുന്നോട്ടുവച്ചിരിക്കുന്നത്. പുതിയ സമാധാന ഫോര്‍മുലയില്‍, ഗാനി ഭരണകൂടം ഇറങ്ങേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കൂടാതെ താലിബാന്‍, യുദ്ധപ്രഭുക്കന്മാര്‍, നിലവിലെ പ്രതിനിധികള്‍ എന്നിവരുമായി ഒരു താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കും. പുതിയ ഫോര്‍മുല ഉചിതമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി പങ്കിടൂ. സമാധാന ചര്‍ച്ചകളില്‍ താലിബാന്‍ ഗൗരവം കാണിച്ചിട്ടില്ലെന്നും രാഷ്ട്രീയ പരിഹാരത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാണെന്നും അഫ്ഗാന്‍ അനുരഞ്ജന സമിതി തലവന്‍ പറഞ്ഞതായി അല്‍ജസീറ ട്വിറ്ററില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments