പുനലൂര്‍: ചോർന്നൊലിക്കുന്ന പോലീസ് സ്റ്റേഷന്റെ മേൽക്കൂരയിൽ വിരിയ്ക്കാൻ ടാര്‍പോളിന്‍ വാങ്ങാൻ പിരിവിടുന്ന പോലീസുകാർ. സംഭവം മറ്റെവിടെയുമല്ല നമ്മുടെ സ്വന്തം കേരളത്തിൽ തന്നെയാണ്. മൂക്കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള അച്ചന്‍കോവില്‍ പൊലിസ് സ്റ്റേഷന് കെട്ടിടത്തിന് മഴവെള്ളത്തില്‍ നിന്നും താല്‍ക്കാലിക സുരക്ഷയായി ടാര്‍പോളിന്‍ മേല്‍ക്കൂര നിർമ്മിച്ചിരിക്കുകയാണ് പോലീസുകാർ. രണ്ടു വര്‍ഷം മുൻപ് തുടങ്ങിയ പുതിയ കെട്ടിട നിര്‍മാണം വൈകുന്നതാണ് സ്റ്റേഷന് പ്രവര്‍ത്തനത്തെ ഇത്രത്തോളം ദുരിതപൂർണ്ണമാക്കിയത്.
1954 ലാണ് വനമധ്യേ ഇത്തരത്തിലൊരു പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിച്ചത്. ഉയരമില്ലാത്ത മേല്‍ക്കൂരയോടുള്ള കെട്ടിടത്തില്‍ ഇടുങ്ങിയ മുറികളടക്കം അസൗകര്യങ്ങളേയുള്ളൂ. പക്ഷെ മൂന്നുവര്‍ഷം മുൻപ് ഔട്ട് സ്റ്റേഷന് പൊലീസ് സ്റ്റേഷനാക്കി സേനാംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചു. നിലവിലുള്ള കെട്ടിടം അന്ന് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. പുതിയ കെട്ടിടം പ്രതീക്ഷിച്ച് പഴയ കെട്ടിടത്തിന് വേണ്ടത്ര അറ്റകുറ്റപ്പണി നടത്തിയതുമില്ല. ഇതുകാരണം ചെറിയ മഴയായാല്‍പോലും കെട്ടിടം ചോര്‍ന്നൊലിക്കുന്നതിനാല്‍ പൊലീസുകാര്‍ പിരിവെടുത്ത് ടാര്‍പോളിന്‍ വാങ്ങി മേല്‍ക്കൂരയില്‍ വിരിച്ചിരിക്കുകയാണ് ഇപ്പോൾ.
വിശ്വസിച്ച് ഒരു കേസ് ഫയലടക്കം സൂക്ഷിക്കാൻ ഇവിടെ കഴിയില്ല. സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാനായി ഒരു കോടി രൂപ അനുവദിച്ച് രണ്ടു വര്‍ഷം മുൻപ് പണികള്‍ ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയായില്ല. കോവിഡ് നിയന്ത്രണങ്ങളക്കം വന്നതോടെ നിര്‍മാണം നീളുകയായിരുന്നു. രണ്ടു നിലകളുള്ള സ്റ്റേഷന് കെട്ടിടത്തിന്റെ ഘടനപൂര്‍ത്തിയായെങ്കിലും സെല്‍, വയറിങ്, പ്ലമ്പിങ് അടക്കം പ്രധാന ജോലികള്‍ ശേഷിക്കുന്നു. ഓരോ ദിവസവും ഇവിടുത്തെ പോലീസുകാരുടെ ജീവിതം ദുരിതപൂർണ്ണമാവുകയാണ്. വിഷയത്തിൽ ഉടൻ തന്നെ അധികൃതർ ഇടപെടണമെന്നാണ് പോലീസുകാരുടെ ആവശ്യം.
Post Your Comments