KeralaLatest News

‘കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും എതിരെ നടപടി ആവശ്യം’: സിപിഐയില്‍ പൊട്ടിത്തെറി

ഇത് കുറ്റവാളി തന്നെ ശിക്ഷ നിശ്ചയിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആക്ഷേപം.

കൊല്ലം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഐയിൽ പൊട്ടിത്തെറി. നിയമസഭ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ പരാജയം അന്വേഷിക്കുന്നതിന് കമ്മിഷനെ നിയോഗിക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ല കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചടയമംഗലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യമായി രംഗത്തെത്തി വിമത കണ്‍വെന്‍ഷന്‍ അടക്കം വിളിച്ചുചേര്‍ത്ത ജില്ലാ എക്സിക്യുട്ടീവ് അംഗം എ. മുസ്തഫയെ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്താനും തീരുമാനിച്ചു.

അതേസമയം മുസ്തഫയുടെ കാര്യത്തിൽ വിചിത്രമായ തീരുമാനമാണ് പാർട്ടി നടത്തിയതെന്ന വിമർശനം ഉയർന്നിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയും അതോടൊപ്പം മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് സംഘടന ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്നായിരുന്നു വിമര്‍ശനം. എ. മുസ്തഫ സംഭവിച്ച വീഴ്ച ഏറ്റുപറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് മണ്ഡലം കമ്മിറ്റി ഘടകമായി നല്‍കിയതെന്നും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുല്ലക്കര രത്നാകരന്‍ വിശദീകരിച്ചു.

ഇത് കുറ്റവാളി തന്നെ ശിക്ഷ നിശ്ചയിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആക്ഷേപം. ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ജില്ല സെന്റര്‍, എക്സിക്യുട്ടീവ് യോഗങ്ങള്‍ ചേര്‍ന്ന ശേഷമാണ് ജില്ല കൗണ്‍സില്‍ കൂടിയത്. എക്സിക്യുട്ടീവില്‍ അച്ചടക്ക നടപടി എ. മുസ്തഫ അംഗീകരിച്ചു. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, മുല്ലക്കര രത്നാകരന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുസ്തഫ ആവശ്യപ്പെട്ടു. താന്‍ സ്ഥാനാര്‍ത്ഥി ആകാതിരിക്കാന്‍ വേണ്ടി ഇവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു മുസ്തഫയുടെ ആരോപണം.

അതേസമയം കരുനാഗപ്പള്ളി പരാജയം അന്വേഷിക്കാൻ സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു കണ്‍വീനറും ജില്ല എക്സിക്യുട്ടീവ് അംഗങ്ങളായ ജി. ബാബു അജയപ്രസാദ് എന്നിവര്‍ അംഗങ്ങളുമായ കമ്മിഷനാണ് ചുമതല. സ്ഥാനാര്‍ത്ഥിയായിരുന്ന സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. രാമചന്ദ്രന്‍ അടക്കം അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നേതൃത്വം നിരാകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button