Latest NewsIndiaBusiness

പഴയ വാഹനം പൊളിക്കല്‍ നയം : നിയമത്തിന്റെ പരിധിയിൽ എല്ലാ പഴയ വാഹനങ്ങളും വരില്ല, പുതുക്കാനായി അറിയേണ്ടതെല്ലാം

പൊതുവെ, ഒരു യാത്രാ വാഹനത്തിന് 15 വര്‍ഷത്തെ ആയുസും വാണിജ്യ വാഹനത്തിന് 10 വര്‍ഷത്തെ ആയുസുമാണ് കണക്കാക്കപ്പെടുന്നത്.

അഹമ്മദാബാദ്: ‘പഴയ വാഹനം പൊളിക്കല്‍ നയ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് നിക്ഷേപക സംഗമത്തില്‍ വച്ച്‌ നിര്‍വഹിച്ചു. 2021-ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ആദ്യം ഈ നയം അവതരിപ്പിച്ചത്. അതിനുശേഷം വൈകാതെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഈ നയത്തിന്റെ വിശദാംശങ്ങള്‍ ലോകസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ഈ നയ പ്രകാരം, നിശ്ചിത കാലാവധിയ്ക്ക് ശേഷം വാഹനങ്ങള്‍ നിര്‍ബന്ധിത ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കണം.

ഈ പുതിയ നയത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്നും അത് നല്‍കുന്ന പ്രതീക്ഷകള്‍ എന്താണെന്നും നമുക്ക് പരിശോധിക്കാം. ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധി പൂര്‍ത്തിയായാലാണ് വാഹനം പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരിക. പൊതുവെ, ഒരു യാത്രാ വാഹനത്തിന് 15 വര്‍ഷത്തെ ആയുസും വാണിജ്യ വാഹനത്തിന് 10 വര്‍ഷത്തെ ആയുസുമാണ് കണക്കാക്കപ്പെടുന്നത്. ഈ കാലയളവിന് ശേഷം പഴക്കം ചെന്ന വാഹനങ്ങള്‍ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നു.

രാജ്യങ്ങളില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച്‌ അത് നിര്‍മിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ പുനരുപയോഗം ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇന്ത്യയില്‍ ഇത് സംബന്ധിച്ച നയങ്ങളൊന്നും നിലവിലില്ല, പഴക്കം ചെന്ന മിക്ക വാഹനങ്ങളും പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കിക്കൊണ്ട് തുടര്‍ന്നും നിരത്തുകളില്‍ ഓടുകയോ പാതയോരങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുകയോ ചെയ്യുന്നു. ഇതാണ് മന്ത്രി നിതിൻ ഗഡ്കരി പറയുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍, നിര്‍ബന്ധമായും ഫിറ്റ്നസ് ടെസ്റ്റ് ആവശ്യമാണെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

എന്നാൽ എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമല്ല. എന്നാല്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിര്‍ബന്ധിത ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം. ഒരു വാഹനം ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍, പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. അതായത് പിന്നീട് റോഡില്‍ ഓടാന്‍ കഴിയില്ല. എന്നാല്‍ ഫിറ്റ്നസ് ടെസ്റ്റ് വിജയിക്കുകയാണെങ്കില്‍, റോഡ് യോഗ്യത കാണിക്കാന്‍ ഓരോ 5 വര്‍ഷത്തിലും വീണ്ടും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം.

പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (പി യു സി) പരിശോധന പോലെ തന്നെ ഒരു വാഹനം നിരത്തിലിറക്കാന്‍ യോഗ്യമാണോ എന്നും അത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുണ്ടോ എന്നും അറിയുന്നതിന് വേണ്ടിയുള്ള പരിശോധനയാണ് ഫിറ്റ്നസ് പരിശോധന.  പക്ഷെ, അത് ഈ പരിശോധനയുടെ ഒരു വശം മാത്രമാണ്. വാഹനത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കാന്‍ ബ്രേക്ക് പരിശോധന, എഞ്ചിന്‍ പരിശോധന എന്നിവയും ഇതിന്റെ ഭാഗമായി നടത്തും.

ഓട്ടോമേറ്റഡ് ഫിറ്റ്നസ് കേന്ദ്രങ്ങളിലാണ് ഈ പരിശോധനകള്‍ നടത്തുക എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അതേസമയം വാഹനം പൊളിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ 4-6% വരെയുള്ള പൊളിക്കല്‍ മൂല്യം ഉടമയ്ക്ക് നല്‍കും. റോഡ് നികുതിയില്‍ 25% വരെ ഇളവ് ലഭിക്കും. പൊളിക്കല്‍ സര്‍ട്ടിഫിക്കറ്റിനെതിരെ പുതിയ വാഹനങ്ങള്‍ക്ക് 5% കിഴിവ് നല്‍കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കും. വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button