Latest NewsKerala

സഹകരണ ബാങ്കുകളിലും പാര്‍ട്ടി തലപ്പത്തും ഒരേസമയം നേതാക്കൾ സ്ഥാനങ്ങള്‍ വഹിക്കുന്നതിനെതിരെ നടപടിയുമായി സിപിഎം

ബാങ്കിന്റെ ശമ്പളം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്നാണ് നിര്‍ദേശം.

തിരുവനന്തപുരം: സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സിപിഎം നേതാക്കള്‍ പങ്കാളികളാകുന്നതിനെതിരെ കര്‍ശന നടപടിയുമായി സിപിഎം. ഇരട്ട പദവി വഹിക്കുന്ന നേതാക്കന്മാരോട് രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ സിപിഎം ആവ്യപ്പെട്ടു. ലോക്കര്‍ സെക്രട്ടറിയും ഏരിയ സെക്രട്ടറിയുമായിരിക്കെ തന്നെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ ചുമതലയും വഹിക്കുന്നവരോടാണ് ഏതെങ്കിലും ഒരു പദവി തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബാങ്കിന്റെ ശമ്പളം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്നാണ് നിര്‍ദേശം.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്ക് നേരെ തന്നെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ പുതിയ തീരുമാനം. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരായ നിരവധി പേരാണ് ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലും ജോലി ചെയ്യുന്നത്. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്. ജോലി ചെയ്യാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ ബാങ്ക് ഭരണസമിതികളില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നാലും സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച്‌ അവയെല്ലാം ഇല്ലാതാക്കുന്ന പതിവാണ് തുടര്‍ന്നു പോന്നിരുന്നത്.

ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ ചുമതലയിലുള്ളവര്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. ഇത് കര്‍ശനമായി നടപ്പാക്കും. പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ജീവനക്കാരായി വരുമ്പോള്‍ പലപ്പോഴും ബാങ്ക് ഭരണ സമിതി തീരുമാനങ്ങളും അട്ടിമറിക്കപ്പെടുന്നതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ പ്രസിഡന്റായി വരുമ്പോള്‍ ബാങ്ക് ജീവനക്കാരായി ലോക്കല്‍ സെക്രട്ടറിമാരും ഏരിയ കമ്മിറ്റി അംഗങ്ങളും എത്തുമ്പോള്‍ പലപ്പോഴും ബാങ്ക് ഭരണ സമിതിയുടെ പല തീരുമാനങ്ങളും നടപ്പാകാത്ത സാഹചര്യവുമുണ്ടായിരുന്നു.

ഇതിനെല്ലാം പരിഹാരം കാണുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. കരുവന്നൂരില്‍ നടന്നത് പോലെ മറ്റ് പല തരത്തിലും വേറെ സ്ഥലങ്ങളിലും നടക്കാനുള്ള സാധ്യത സിപിഎം നേതൃത്വം തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പ് തന്നെ നടപടികള്‍ ആരംഭിക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും പൂര്‍ണമായ മാറ്റം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button