തിരുവനന്തപുരം: മെഡിക്കൽ പി.ജി. ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ജി. ഡോക്ടർമാർ ഉന്നയിച്ച പ്രശ്നങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. ജോലിഭാരം കൂടുന്നുവെന്ന പരാതി പരിഹരിക്കുന്നതിന് പി.ജി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിലുള്ള പദ്ധതി തയ്യാറാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Read Also: ഈശോ വിവാദത്തില്‍ ചില ക്രൈസ്തവ സഭാ മേധാവികളുടെ നിലപാട് മാതൃകാപരം : എ.എ.റഹിം
മെഡിക്കൽ വിദ്യാഭ്യാസത്തിനും സർക്കാർ വളരെ പ്രാധാന്യം നൽകുന്നു. മെഡിക്കൽ കോളേജുകളിൽ നോൺ കോവിഡ് ചികിത്സ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു.
‘മെഡിക്കൽ കോളേജുകളുടെ അധികഭാരം കുറയ്ക്കുന്നതിനായി ജില്ലാ, ജനറൽ ആശുപത്രികളെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറൽ ആശുപത്രികളിലുള്ള ഐ.സി.യു. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. ഈ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ജില്ലാ, ജനറൽ ആശുപത്രികളിലെ ഐ.സി.യു. രോഗികളുടെ ചികിത്സയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാൻ സാധിക്കുമെന്ന്’ വീണാ ജോർജ് വിശദമാക്കി.
‘പി.ജി. വിദ്യാർത്ഥികളുടെ സ്‌റ്റൈപെൻഡ് വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ധനകാര്യ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിൽ തീരുമാനമെടുക്കുന്നതാണ്. ഹൗസ് സർജൻമാരുടെ റിസൾട്ട് എത്രയും വേഗം പുറത്ത് വരാനും ശ്രമിക്കുന്നതാണെന്നും’ മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, പി.ജി. ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Post Your Comments