KeralaLatest News

ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേയില്ല

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അടുത്ത 25 ന് സര്‍ക്കാര്‍ അപ്പീല്‍ വീണ്ടും പരിഗണിയ്ക്കും.

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി.സംവരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിയ്ക്ക് അടിയന്തിര സ്റ്റേയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അതേസമയം സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അടുത്ത 25 ന് സര്‍ക്കാര്‍ അപ്പീല്‍ വീണ്ടും പരിഗണിയ്ക്കും.

സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച്‌ (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ചയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. എന്നാൽ സംവരണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും മറാത്താ കേസിലെ സുപ്രീം കോടതി വിധി വരുന്നത് വരെ പുതിയ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ടെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

മറാത്താ സംവരണവുമായി ബന്ധപ്പെട്ട് ജയ്ശ്രീ ലക്ഷ്മണ്‍ റാവു പാട്ടീല്‍ കേസിലെ ഉത്തരവനുസരിച്ച്‌ 102-ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ, പിന്നാക്കക്കാരുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ്.എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.

ഭേദഗതിപ്രകാരം, 2018 ഓഗസ്റ്റ് 15 മുതല്‍ ഏതെങ്കിലുമൊരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിന് ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. രാഷ്ട്രപതിക്കാണ് അധികാരം. മറാഠാ സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

മറാത്ത കേസിലെ സുപ്രീം കോടതി വിധി വരുന്നതിന് മുന്‍പാണ് നാടാര്‍ വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത് നിയമപരമായി നിലനില്‍ക്കുമെന്നാണ് ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ പ്രധാനവാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാടാര്‍ സംവരണം തീരദേശ മേഖലകളില്‍ ഇടത് മുന്നണിയ്ക്ക് വലിയ നേട്ടം കൊയ്യാന്‍ ഇടയാക്കിയെന്ന് സി.പി.എം വിലയിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button