തിരുവനന്തപുരം : കേരളത്തിലെ കോവിഡ് കാലത്തെ പൊലീസിന്റെ പ്രവർത്തനത്തിന് ക്ലീൻ ചിറ്റ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നടപടികളെ പൂർണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘പോലീസ് ജനങ്ങൾക്ക് എതിരാണെന്ന പ്രചാരണം തെറ്റാണ്. പൊലീസ് നാടിനെതിരായ സേനയെന്ന് വരുത്തി തീർക്കാനാണ് ശ്രമം. പൊലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ദുരന്തങ്ങളിൽ ജനങ്ങളോട് ചേർന്നു നിന്ന് പ്രവർത്തിച്ചതാണ് പൊലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാ പ്രളയത്തിൽ അടക്കം അത് കണ്ടു. മഹാമാരി കാലത്തും പൊലീസ് പ്രവർത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുത്. പൊലീസ് ചെയ്യുന്നത് സർക്കാർ ഏൽപ്പിച്ച ചുമതലയാണ്. ത്യാഗ പൂർണ്ണമായ പൊലീസിന്റെ പ്രവർത്തനത്തെ രാഷ്ട്രീയ നേട്ടത്തിനായി നിസ്സാര വൽക്കരിക്കരുത്. പൊലീസിനെതിരെ നടക്കുന്നത് പ്രചാര വേലയാണ്. ഏറ്റവും നല്ല ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. അതിൽ പൊലീസിന് ഉള്ള പങ്ക് വളരെ വലുതാണ്. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. നാട്ടിൽ ക്രമസമാധാനം പുലരാൻ ആഗ്രഹിക്കാത്തവരാണ് പൊലീസിനെതിരായ പ്രചാരണത്തിന് പിന്നിൽ ഉള്ളത്’- മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments