ബെംഗളൂരു: ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ കിട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നോടും കാണിച്ചത് ഇതേ സമീപനമായിരുന്നുവെന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് . അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞതെന്നും അഞ്ജു വ്യക്തമാക്കി. ടോക്യോയില്‍ നടന്ന ഒളിംപിക് ഹോക്കിയില്‍ 41 വര്‍ഷത്തിനു ശേഷം മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനെതിരെ അഞ്ജു രംഗത്ത് എത്തിയത്.
Read Also :ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേയില്ല
ശ്രീജേഷിന് അര്‍ഹിക്കുന്ന ആദരം കിട്ടിയില്ലെന്നത് സത്യമാണെന്നും അഞ്ജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഈ സമീപനം മാറണമെന്ന് പറഞ്ഞ മുന്‍ താരം മെഡല്‍ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണമെന്നും ചൂണ്ടിക്കാട്ടി. ഒളിംപിക് ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നതിനിടെയാണ് അഞ്ജു ബോബി ജോര്‍ജിന്റെ പ്രതികരണം.
ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയതും ഒടുവില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ തകര്‍ത്ത് കിരീടം നേടിയതും. ഹോക്കി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാല്‍ മറ്റൊരു പുരസ്‌കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബി.സി.സി.ഐ ഹോക്കി ടീമിന് ഒരുകോടി 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Post Your Comments