തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നടക്കാനിരിക്കുന്നതിനിടെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ തനിക്ക് കുറ്റബോധമില്ലെന്നും അപൂര്‍വം ചില ആളുകള്‍ അന്നത്തെ സംഭവം ഒഴിവാക്കേണ്ടിയിരുന്നു എന്നു പിന്നീട് പറഞ്ഞിരുന്നുവെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശിവന്‍കുട്ടി നിലപാട് വ്യക്തമാക്കിയത്. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം നിരന്തരസമരമാണ്.
ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങള്‍. വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങള്‍ നടത്തുന്നത്. നിയമസഭയിലെ ‘ഡെസ്‌കിന്മേല്‍ നടത്തം’ ഒഴിവാക്കാമായിരുന്നു എന്നു പിന്നീട് തോന്നിയോ എന്ന ചോദ്യത്തിന് ‘അത് അന്ന് സമര രംഗത്ത് വന്ന ഒരു രീതിയാണ്. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അന്ന് അങ്ങനെ സംഭവിച്ചു പോയി’ എന്നാണ് മന്ത്രി പ്രതികരിച്ചത്.
ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടല്‍ ഉണ്ടായെന്ന് വരും. കോടതി വിധി പൂര്‍ണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും. നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. അന്ന് ഞങ്ങള്‍ ആ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നുമായിരുന്നു ശിവന്‍കുട്ടിയുടെ നിലപാട്.
Post Your Comments