തിരുവനന്തപുരം: ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച മുൻകാല പ്രവർത്തകരെ രജതജൂബിലി ആഘോഷ വേളയിൽ ആദരിക്കും. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. ‘1996 ആഗസ്ത് 17 ന് തുടക്കമിട്ട ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കകാലത്ത് നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മുൻ അനുഭവങ്ങളുടെ പരിചയമില്ലാതെയാണ് കേരളം ജനകീയ മുന്നേറ്റത്തിലേക്ക് കടന്നതെങ്കിലും പിന്നീടുണ്ടായത് അവിസ്മരണീയമായ ചരിത്രമാണെന്ന്’ മന്ത്രി വ്യക്തമാക്കി.
Read Also: ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ്
‘ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ജനങ്ങളുമൊക്കെ ചേർന്ന് ഒരു വർഷത്തിലേറെ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് ആദ്യ വാർഷിക പദ്ധതി തയ്യാറാക്കിയത്. ആസൂത്രണ ഗ്രാമസഭ, വാർഡ് സഭ, വികസന സെമിനാർ, കർമ്മ സമിതികൾ, പദ്ധതിരേഖ, ബ്ലോക്ക്-ജില്ലാ പദ്ധതികൾ, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ആസൂത്രണ ചട്ടക്കൂടൊരുക്കി ജനകീയാസൂത്രണത്തിന്റെ ഘടനാപരമായ അസ്തിവാരം ബലപ്പെടുത്തിയ മുൻ അധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തരെയും ഉദ്യോഗസ്ഥരെയും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രജത ജൂബിലി ഉദ്ഘാടന വേളയിൽ ആദരിക്കുമെന്ന്’ മന്ത്രി അറിയിച്ചു.
ആഗസ്റ്റ് 17 ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തുന്നതോടെ സംസ്ഥാനത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാവും. മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനുമൊപ്പം മുൻ മുഖ്യമന്ത്രിമാരും മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ആസൂത്രണ ബോർഡ് അംഗങ്ങളും കലാ, സാഹിത്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരും രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടിയിൽ പങ്കാളികളാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിയോടെ രജത ജൂബിലി ആഘോഷങ്ങൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടന പരിപാടി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ സ്‌ക്രീനിൽ ലൈവായി പ്രദർശിപ്പിക്കും.
Post Your Comments