കൊച്ചി : സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നു ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) പിടിക്കാമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശമ്പള വരുമാനമുണ്ടെങ്കിൽ ടിഡിഎസ് ബാധകമാകുമെന്നും ജീവിതാന്തസ്സിന്റെ അടിസ്ഥാനത്തിൽ ഇളവ് അനുവദിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
‘സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും നൽകണമെന്ന ബൈബിൾ വാക്യം ആമുഖമായി ഉദ്ധരിച്ചുകൊണ്ടാണു കോടതിയുടെ വിധി. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടിഡിഎസ് ഇളവ് അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. നിയമപ്രകാരം നികുതി ഈടാക്കുന്നതു മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാകില്ലെന്നും കോടതി പറഞ്ഞു. സിംഗിൾ ജഡ്ജിയുടെ സമാന ഉത്തരവിനെതിരെ സിസ്റ്റർ മേരി ലൂസിറ്റ നൽകിയതുൾപ്പെടെ 49 അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണു പോകുന്നതെന്നും അപ്പീൽ ഭാഗം വാദിച്ചു. എന്നാൽ, ശമ്പളവും പെൻഷനും ഗ്രാറ്റ്വിറ്റിയും പറ്റുന്ന വൈദികരും കന്യാസ്ത്രീകളും സർക്കാർ ജീവനക്കാരാണെന്ന് നികുതി വകുപ്പ് വാദിച്ചു. മറ്റേതെങ്കിലും നികുതിയിളവിന് അർഹതയുണ്ടെങ്കിൽ ടിഡിഎസ് ഒഴിവാക്കുകയല്ല, റീഫണ്ട് ആണു ചെയ്യേണ്ടതെന്നും അറിയിച്ചു. സന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനെയും കന്യാസ്ത്രീയെയും സംബന്ധിച്ചു ‘സിവിൽ ഡെത്ത്’ ആണു സംഭവിക്കുന്നതെന്ന വാദവും അംഗീകരിച്ചില്ല.
കാനോനിക നിയമപ്രകാരമുള്ള ‘സിവിൽ ഡെത്ത്’ എന്ന ആശയം സന്യസ്തരുടെ എല്ലാ ജീവിത സാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമങ്ങൾക്കു വ്യക്തിഗത നിയമങ്ങളെക്കാൾ പ്രാമുഖ്യമുണ്ട്. സഞ്ചാരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, തൊഴിലവകാശം ഉൾപ്പെടെ നിയമപരമായും ഭരണഘടനാപരമായും ഉള്ള എല്ലാ അവകാശങ്ങളും സന്യസ്തരും അനുഭവിക്കുന്നുണ്ട്, കോടതി വ്യക്തമാക്കി.
Post Your Comments