ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോളിന്റെ വില ഇപ്പോള്‍ ലിറ്ററിന് 100 രൂപയും കടന്ന് കുതിക്കുകയാണ്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത് പ്രകാരം, ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില ലിറ്ററിന് 60-62 രൂപ ആയിരിക്കും. അതായത്, എണ്ണവിലയില്‍ 40 ശതമാനം വരെ കുറവുണ്ടാകും.
നിലവില്‍ വാഹനങ്ങളില്‍ നമ്മള് ഇന്ധനമായി ഉപയോഗിക്കുന്ന പെട്രോളില്‍ 8.5 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ട്. എഥനോള്‍ ഒരു ജൈവ ഇന്ധനമാണ്. എന്നാല്‍, ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകളില്‍ വിവിധ അനുപാതങ്ങളിലായി പെട്രോളും എഥനോളും ഉപയോഗിക്കാനുള്ള ഓപ്ഷന് നിങ്ങള്‍ക്ക് ലഭിക്കും, ഉദാഹരണത്തിന് പെട്രോളും എഥനോളും 50 ശതമാനം വീതം അനുപാതത്തില്‍ ഉപയോഗിക്കാന്‍ കഴിയും.
കരിമ്പ് , ചോളം, പരുത്തിത്തണ്ട്, ഗോതമ്പ് , വൈക്കോല്‍, കരിമ്പിൻ ചണ്ടി, മുള എന്നിവ എഥനോളിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ്. എഥനോളിന്റെ ഉത്പാദനം വര്‍ധിക്കുന്നതോടെ ഇവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് അതിന്റെ നേട്ടമുണ്ടാകും.
എഥനോളിന്റെ ഉപയോഗം കാര്‍ബണ്‍ മോണോക്സൈഡിന്റെ ബഹിര്‍ഗമനത്തെ 35 ശതമാനത്തോളം കുറച്ചു നിര്‍ത്തും. സള്‍ഫര്‍ ഡയോക്സൈഡിന്റെ പുറന്തള്ളലിലും കുറവുണ്ടാകും. അത് പരിസ്ഥിതിയ്ക്ക് വളരെയധികം ഗുണം ചെയ്യും. ഇന്ത്യ നിലവില്‍ ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. എഥനോളിന്റെ ഉപയോഗം വര്‍ധിക്കുന്നതോടെ അസംസ്കൃത എണ്ണയുടെ മേലുള്ള ഇന്ത്യയുടെ ആശ്രയം കുറയുകയും ഇറക്കുമതിയില്‍ ആ കുറവ് പ്രതിഫലിക്കുകയും ചെയ്യും.
Post Your Comments