COVID 19KeralaLatest NewsIndia

കേരളത്തിൽ വാക്‌സിന്‍ എടുത്ത ആയിരക്കണക്കിന് ആളുകളിൽ കോവിഡ് വ്യാപനം കൂടുന്നു : ആശങ്കാജനകമെന്ന് കേന്ദ്രസംഘം

ജില്ലയില്‍ വാക്‌സിന്‍ കുത്തിവെയ്പ്പില്‍ പിഴവ് ഉണ്ടായോ, മറ്റെന്തെങ്കിലും കാരണമാണോ എന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടും രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു. പത്തനംതിട്ട ജില്ലയില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 7000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിദഗ്ധ സംഘം കണ്ടെത്തിയെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 258 പേര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ രണ്ടാഴ്ച പിന്നിട്ടവരാണെന്നും കേന്ദ്ര വിദഗ്ധസംഘം കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വാക്‌സിന്‍ കുത്തിവെയ്പ്പില്‍ പിഴവ് ഉണ്ടായോ, മറ്റെന്തെങ്കിലും കാരണമാണോ എന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

എല്ലാ ജില്ലകളിലെയും വാക്‌സിനേഷന് ശേഷം ഉണ്ടായ രോഗബാധ (ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്റെ) കണക്ക് സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമേ സംസ്ഥാനത്തെ യഥാര്‍ത്ഥ സ്ഥിതി വിലയിരുത്താനാകൂ എന്നാണ് വിദഗ്ധ സമിതി അംഗങ്ങള്‍ സൂചിപ്പിക്കുന്നത്. 14,974 പേര്‍ക്കാണ് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4490 പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 15 ദിവസം പിന്നിട്ടവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും വിദഗ്ധസംഘം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം എറണാകുളം ജില്ലയിലും വാക്‌സിന്‍ എടുത്തിട്ടും കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞമാസം 9229 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ കഴിഞ്ഞമാസം സ്ഥിരീകരിച്ച രോഗബാധിതരില്‍ 19 ശതമാനം വരും ഇത്. 49,049 പേര്‍ക്കാണ് ജൂലായില്‍ രോഗബാധ ഉണ്ടായത്. ഇതുവരെ ജില്ലയില്‍ ഒരു വാക്‌സിന്‍ സ്വീകരിച്ചശേഷം 18,159 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 4837 പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്ത ശേഷവും രോഗബാധ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൂടാതെ തിരുവനന്തപുരത്തും വാക്‌സിനേഷന് ശേഷം രോഗബാധ ഉണ്ടാകുന്നത് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തെ രോഗവ്യാപനം കുറയാത്തത് പരിശോധിക്കാനാണ് ആറംഗ കേന്ദ്ര വിദഗ്ധ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് അയച്ചത്. നാഷണല്‍ സെന്‍ര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ ജില്ലകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button