കാബൂൾ: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ക്രൂരമായ ആക്രമണങ്ങൾ നടത്തുകയാണ്. കലാകാരനായ മുഹമ്മദ് നാസറിനെ കഴിഞ്ഞ ദിവസം താലിബാൻ അതിക്രൂരമായി കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, കലാകാരന്മാരോടുള്ള ക്രൂരത വീണ്ടും ആവർത്തിച്ച് താലിബാൻ. അഫ്ഗാൻ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെ ആണ് താലിബാൻ ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയിരിക്കുന്നത്.
തെക്കൻ അഫ്ഗാനിസ്ഥാനിലെ ഉറുസ്ഗാൻ പ്രവിശ്യയിലാണ് സംഭവം. ഉറുസ്ഗാനിലെ ചോര ജില്ലയിലെ വീട്ടിൽ കുടുംബത്തോടൊപ്പം സമയം ചിലവിടുകയായിരുന്ന അതേഫിയെ വിളിച്ചിറക്കി കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ആണ് അതേഫിയുടെ മരണം സ്ഥിരീകരിച്ചത്.
Also Read:‘ഡിഗ്രിയും വ്യാജം?’ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി
അതേഫിയുടെ പ്രവിശ്യ കൈപ്പിടിയിലൊതുക്കിയ ശേഷമായിരുന്നു ക്രൂരത. അദ്ദേഹത്തിന്റെ തലയ്‌ക്കാണ് വെടിയേറ്റത്. യുവാക്കളെ പഠിപ്പിക്കുകയും അവരെ അക്രമത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്ന അതേഫി തുടക്കം മുതൽ താലിബാന്റെ നോട്ടപ്പുള്ളി ആയിരുന്നെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കണ്മുന്നിൽ വെച്ചാണ് പിടിച്ചുകൊണ്ടു പോയതെന്നാണ് റിപ്പോർട്ടുകൾ.
20 വർഷങ്ങൾക്ക് മുമ്പ് താലിബാൻ വിരുദ്ധ ശക്തികേന്ദ്രമായിരുന്ന വടക്കൻ ബഡാക്ഷൻ പ്രവിശ്യ പോലുള്ള സ്ഥലങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് ജില്ലകൾ ആണ് താലിബാൻ ഏറ്റെടുത്തത്. ഇറാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള പ്രധാന അതിര്‍ത്തി പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കി. ഇക്കഴിഞ്ഞ ആറാഴ്‌ച്ചകൊണ്ട് അഫ്ഗാനിലെ ഒരു പ്രവിശ്യയില്‍ മാത്രം താലിബാന്‍ ഭീകരര്‍ കൊന്നൊടുക്കിയത് 900 നിരപരാധികളെയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാൻ നിരീക്ഷകർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 140 പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലാണ്.
Post Your Comments