Latest NewsIndiaBusiness

ഇന്ധനവില 40 ശതമാനത്തോളം കുറയും: ഇടപെടലുമായി കേന്ദ്രം

ഈ വര്‍ഷം മാര്‍ച്ചില്‍ സ്റ്റാന്‍ഡ് എലോണ്‍ ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: ഫ്ലക്സ് ഫ്യുവല്‍ ഇന്ധനങ്ങള്‍ അവതരിപ്പിച്ച്‌ ഇന്ധനവില 40 ശതമാനം കുറയ്ക്കാനുള്ള ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സിനോടും (എസ് ഐ എ എം) ഓട്ടോമൊബൈല്‍ കമ്പനികളുടെ സി ഇ ഓമാരോടും ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി ആവശ്യപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ സ്റ്റാന്‍ഡ് എലോണ്‍ ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു.

അതോടൊപ്പം കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഗഡ്‌കരി കാര്‍ നിര്‍മ്മാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കാറുകളില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമാണ് ഉള്ളത്. കാറിന്റെ വിലയോ മോഡലോ ഒന്നും എയര്‍ബാഗ് സജ്ജീകരിക്കുന്ന കാര്യത്തില്‍ മാനദണ്ഡമാക്കരുതെന്നും കേന്ദ്രമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡപകടങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഈ സംവിധാനം അനിവാര്യമാണ്.നിലവില്‍ വാഹനങ്ങളില്‍ നമ്മള്‍ ഇന്ധനമായി ഉപയോഗിക്കുന്ന പെട്രോളില്‍ 8.5 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ട്.

എഥനോള്‍ ഒരു ജൈവ ഇന്ധനമാണ്. എന്നാല്‍, ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകളില്‍ വിവിധ അനുപാതങ്ങളിലായി പെട്രോളും എഥനോളും ഉപയോഗിക്കാനുള്ള ഓപ്‌ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ എഥനോള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനം ലഭിക്കാനുള്ള സൗകര്യം കൂടി പെട്രോള്‍ പമ്പുകളില്‍ ലഭ്യമാകും.
ഉദാഹരണത്തിന് പെട്രോളും എഥനോളും 50 ശതമാനം വീതം അനുപാതത്തില്‍ ഉപയോഗിക്കാന്‍ കഴിയും. വിവിധ ഇന്ധനങ്ങളുടെ അനുപാതം എത്രയാണെന്ന് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക് ആയി വാഹനത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

ലളിതമായി പറഞ്ഞാല്‍, ഇത്തരം വാഹനങ്ങളില്‍ രണ്ടോ അതിലധികമോ വ്യത്യസ്തമായ ഇന്ധനങ്ങളുടെ മിശ്രിതം നമുക്ക് ഉപയോഗിക്കാന്‍ കഴിയും.നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒരു തരത്തിലുള്ള ഇന്ധനം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇന്ധന ടാങ്കിന്റെ കാര്യത്തിലും ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങളില്‍ വ്യത്യാസമുണ്ടാകും. നിലവില്‍ പെട്രോളും എല്‍ പി ജിയും ഉപയോഗിക്കാറുള്ള വാഹനങ്ങളില്‍ രണ്ട് തരം ഇന്ധന ടാങ്കുകള്‍ ആവശ്യമാണെങ്കില്‍ ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങളില്‍ വിവിധ തരം ഇന്ധനങ്ങള്‍ (പെട്രോള്‍ – എഥനോള്‍) ഒരേ ടാങ്കില്‍ തന്നെ ഉപയോഗിക്കാന്‍ കഴിയും.

ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില ലിറ്ററിന് 60-62 രൂപ ആയിരിക്കും. അതായത്, എണ്ണവിലയില്‍ 40 ശതമാനം വരെ കുറവുണ്ടാകും. എഥനോളിന്റെ ഉത്പാദനം വര്‍ധിക്കുന്നതോടെ ഇവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് അതിന്റെ നേട്ടമുണ്ടാകും.
എഥനോളിന്റെ ഉപയോഗം കാര്‍ബണ്‍ മോണോക്സൈഡിന്റെ ബഹിര്‍ഗമനത്തെ 35 ശതമാനത്തോളം കുറച്ചു നിര്‍ത്തും.

സള്‍ഫര്‍ ഡയോക്സൈഡിന്റെ പുറന്തള്ളലിലും കുറവുണ്ടാകും. അത് പരിസ്ഥിതിയ്ക്ക് വളരെയധികം ഗുണം ചെയ്യും. ഇന്ത്യ നിലവില്‍ ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. എഥനോളിന്റെ ഉപയോഗം വര്‍ധിക്കുന്നതോടെ അസംസ്കൃത എണ്ണയുടെ മേലുള്ള ഇന്ത്യയുടെ ആശ്രയം കുറയുകയും ഇറക്കുമതിയില്‍ ആ കുറവ് പ്രതിഫലിക്കുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button