
പ്രതിഭയുടെ ധാരാളിത്തവും അസാമാന്യ നേതൃപാടവവും തികഞ്ഞ, തന്റേതല്ലാത്ത കാരണത്താൽ അവസരം നഷ്ടപ്പെട്ട് വെറും മൂന്ന് അന്താരാഷ്ട്ര ഏകദിനങ്ങൾ മാത്രം കളിച്ച ഒരു ക്യാപ്റ്റൻ. അതും 42-ാം വയസ്സിൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം നടത്തിയ ദക്ഷിണാഫ്രിക്കൻ താരം. കഴിഞ്ഞ കുറച്ചു നാളുകളായി ഗൂഗിളിൽ തിരഞ്ഞ കായിക താരം. വ്യക്തിഗത പ്രകടനത്തിലും നായക മികവിലും ഒരു പക്ഷേ കപിൽ ദേവ്, ഇയാൻ ബോതം, റിച്ചാർഡ് ഹാഡ്‌ലി എന്നീ നായകന്മാരുടെ കൂടെ ഉൾപ്പെടുത്താവുന്ന താരം. ദക്ഷിണാഫ്രിക്കയുടെ ക്ലൈവ് എഡ്വാർഡ് ബട്ലർ റൈസ്.
1971ലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം. 22കാരനായ ക്ലൈവ് റൈസ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ആ സന്തോഷത്തിന് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളു. വർണ വിവേചനത്തിന്റെ ഇരുണ്ട നാളുകളിൽ അകപ്പെട്ട ദക്ഷിണാഫ്രിക്കയെ കായിക ലോകം ഒറ്റപ്പെടുത്തി. നെൽസൺ മണ്ടേല പോലുള്ള സമര നേതാക്കന്മാർ ഇതിനിടയിൽ ജയിലിലാക്കപ്പെട്ടിരുന്നു. ഒരൊറ്റ മത്സരത്തിനു പോലും ഭാഗ്യം ലഭിക്കാതെ ആ പുതുമുഖ താരം നിറകണ്ണുകളോടെ ട്രാൻസ്വാളിലേക്ക് മടങ്ങി.
പക്ഷേ കാലം ക്ലൈവ് റൈസിനു കാത്തുവെച്ചത് മറ്റൊരു സമ്മാനമായിരുന്നു. 1991ൽ വിലക്ക് നീങ്ങി ലോക ക്രിക്കറ്റിലേക്ക് തിരിച്ചു വന്ന ദക്ഷിണാഫ്രിക്കയെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ വിശുദ്ധ ഭൂമിയായ ഈഡൻ ഗാർഡൻസിൽ നയിക്കാൻ കാലവും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും നിയോഗിച്ചത് 42കാരനായ ക്ലൈവ് റൈസിനായിരുന്നു. കെപ്ലർ വെസ്സൽസ് ഒഴികെ എല്ലാം പുതുമുഖങ്ങൾ നിറഞ്ഞ ആ ടീം ഇന്ത്യയോട് മൂന്നു മത്സരങ്ങളിൽ പൊരുതി കീഴടങ്ങി. 1-2 എന്ന നിലയിലായിരുന്നു ക്ലൈവ് റൈസിന്റെ പിള്ളേർ ഇന്ത്യയ്ക്ക് മുന്നിൽ പരാജയപ്പെട്ടത്.
തുടർന്ന് ലോകകപ്പിലും വെസ്റ്റിൻഡ്യൻ പര്യടനത്തിലും കളിക്കാൻ കാത്തു നിൽക്കാതെ, ഒരിക്കൽ വഴിമാറിപ്പോയ തന്റെ സ്വപ്നം കീഴടക്കിയ നിർവൃതിയിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി. ശിഷ്ടകാലം, തൻ്റെ എക്കാലത്തെയും ഇംഗ്ലീഷ് കൗണ്ടി ടീമായ നോട്ടിങ്ഹാംഷയറിന്റെ കോച്ചായ ഇദ്ദേഹമാണ് കെവിൻ പീറ്റേഴ്സന്റെയും ഡേവിഡ് കലഹൻ്റെയുമെല്ലാം മെന്റർ ആയി അറിയപ്പെടുന്നത്.
ദക്ഷിണാഫ്രിക്ക ഉൾപ്പെട്ട കോഴ വിവാദങ്ങളെക്കുറിച്ച് പ്രത്യേകിച്ചും ഹാൻസി ക്രോണിയെയുടെയും പാക്കിസ്ഥാൻ മുൻ കോച്ച് ബോബ് വൂമറിന്റെയും ദുരൂഹ മരണങ്ങളെക്കുറിച്ച് റൈസ് സംശയം പ്രകടിപ്പിച്ചത് വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. 2015ൽ തന്റെ 66-ാം വയസ്സിൽ ബ്രെയിൻ ട്യൂമറിനെ തുടർന്ന് ക്ലൈവ് റൈസ് ലോകത്തോട് വിട പറഞ്ഞു.
ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാകും ക്ലൈവ് റൈസിനെ കപിൽ ദേവ്, ഇയാൻ ബോതം, റിച്ചാർഡ് ഹാഡ്‌ലി, എന്നിവരുടെ കൂടെ ഉൾപ്പെടുത്താനുണ്ടായ കാരണം എന്തായിരിക്കുമെന്ന്. എഴുപതുകളിലെ തുടക്കത്തിലും എൺപതുകളുടെ അവസാനം വരെയും ട്രാൻസ്വാൾ പ്രോവിൻസിനെ നയിച്ച അദ്ദേഹം മൂന്ന് തവണ ടീമിനെ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ലീഗായ ‘Castle Currie Cup’ അടക്കം മറ്റു പല ടൂർണമെൻറുകളിലും ചാമ്പ്യൻമാരാക്കി.
കരിയറിന്റെ അവസാന നാളുകളിൽ നേറ്റാൾ പ്രോവിൻസിന്റെ കരാർ അദ്ദേഹം ഏറ്റെടുത്തു. 80കളിൽ ഇംഗ്ലീഷ് കൗണ്ടിയായ നോട്ടിങ്ഹാംഷയറിന്റെ ക്യാപ്റ്റനായ റൈസ്, റിച്ചാർഡ് ഹാഡ്ലി, ഡെറക് റാൻഡൽ തുടങ്ങിയവർ ഉൾപ്പെട്ട ടീമിനെ 1981ലും 87ലും കൗണ്ടി ചാമ്പ്യൻമാരാക്കി. ഇതിനിടയിൽ ഇദ്ദേഹം സ്കോട്ട്ലൻറിനു വേണ്ടിയും കളിച്ചു. 1980ൽ അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനുള്ള അവസരം. നിഷേധിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ കളിക്കാർ വിമതരായി (Rebel) വിവിധ ടീമുകളോട് അനൗദ്യോഗിക ടെസ്റ്റ് കളിച്ചപ്പോഴും ക്യാപ്റ്റൻ ക്ലൈവായിരുന്നു.
ലോകത്ത് ആദ്യമായി ലിസ്റ്റ് എ മത്സരങ്ങളിൽ 5000 റൺസും 500 വിക്കറ്റുകളും നേടിയത് ക്ലൈവ് റൈസായിരുന്നു. 482 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 40.95 ആവറേജിൽ 26331 റൺസും അദ്ദേഹം തന്റെ കരിയറിൽ കുറിച്ചു. അതിൽ 48 സെഞ്ചുറികളും 137 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു. 22.49 ആവറേജിൽ 2.58 ശരാശരിയിൽ 930 വിക്കറ്റുകളും നേടി. ആ മൂന്ന് അന്താരാഷ്ട്ര ഏകദിനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ആരോരുമറിയാതെ ക്ലൈവ് റൈസ് തന്റെ കരിയർ അവസാനിപ്പിക്കേണ്ടി വന്നേനെ. ചുരുങ്ങിയ പക്ഷം 90കളുടെ ആദ്യം ക്രിക്കറ്റ് എന്ന വികാരത്തിന് അടിമപ്പെട്ട ചിലരുടെയെങ്കിലും ഓർമകളിൽ ക്ലൈവ് റൈസ് ഇന്നും ജീവിക്കുന്നുണ്ടായിരിക്കും.
Post Your Comments