തൃശ്ശൂർ : ബീഫ് ഉൾപ്പെടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചുകൊടുക്കുന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തുന്ന സിൻഡോയ്ക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രസർക്കാർ നൽകിയത് 10 ലക്ഷത്തിന്റെ സഹായം. ശീതീകരിക്കാത്ത ബീഫിന് ഓൺലൈനിലൂടെ ഓർഡർ സ്വീകരിക്കുകയും അത് വീടുകളിലെത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഈ ദമ്പതിമാർ തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിൽ തുടങ്ങിയത്. എം.ബി.എ. കഴിഞ്ഞ് പ്രശസ്ത അന്താരാഷ്ട്രകമ്പനിയിൽ മാർക്കറ്റിങ് മേധാവിയായ സിൻഡോ ആ ജോലി രാജിവെച്ചാണ് വിആർ ഫ്രഷ് എന്ന സ്ഥാപനം തുടങ്ങിയത്.
നഴ്സായിരുന്ന ജിൽമോൾ ജോലി രാജിവെച്ചാണ് ഭർത്താവിനോടൊപ്പം വ്യാപാരത്തിൽ ചേർന്നത്. ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രം 2019-ൽ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേറ്ററിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇവരും പങ്കെടുത്തിരുന്നു. മാംസത്തിന്റെ ഓൺലൈൻ വിപണനസാധ്യതകളാണ് അവതരിപ്പിച്ചത്. 819 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തിൽ ഇവരുടെ സംരംഭവും പരിഗണിക്കപ്പെട്ടു.
2020-ൽ ഇൻകുബേറ്ററിൽ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ദമ്പതിമാർക്ക് 2021 ഫെബ്രുവരിയിൽ അറിയിപ്പ് കിട്ടി, ‘വിആർ ഫ്രഷ്’ എന്ന ഇവരുടെ സ്ഥാപനത്തിന് ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രത്തിൽനിന്ന് 10 ലക്ഷം ഗ്രാന്റായി അനുവദിച്ചെന്ന്. ഈയിടെ തുക മുഴുവനും കിട്ടുകയും ചെയ്തു. പത്തിനം ഇറച്ചിയിനങ്ങൾ ഇവർ വിൽക്കുന്നുണ്ട്. മായമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കിയ മീനുകളും വിൽക്കുന്നുണ്ട്. ശീതീകരിച്ച് വിൽക്കുന്നത് എമു ഇറച്ചി മാത്രമാണ്. തൃശ്ശൂർ നഗരപരിധിയിലാണ് വ്യാപാരം.
Post Your Comments