കോല്‍ക്കത്ത: പശ്ചിമബംഗാളിലെ നാല് ജില്ലകളില്‍ നാശം വിതച്ച പ്രളയത്തിന്റെ ഉത്തരവാദിത്വം ദാമോദര്‍വാലി കോര്‍പറേഷനാണെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ദാമോദര്‍ വാലി കോര്പറേഷന് (ഡിവിസി) വെള്ളം തുറന്നുവിട്ടതാണു പ്രതിസന്ധിക്കു കാരണമെന്നു പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തെ നേരിടാന്‍ പശ്ചിമബംഗാളിന് എല്ലാ സഹായങ്ങളും നല്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയെന്നും അധികൃതർ വ്യക്തമാക്കി.
തയാറെടുപ്പില്ലാതെ വെള്ളം തുറന്നുവിട്ടതാണു മനുഷ്യനിര്‍മിത പ്രളയത്തിലേക്ക് സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസം 31 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ 5.43 ലക്ഷം ഘനയടി വെള്ളം ഡിവിസി തുറന്നുവിട്ടതായാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പറയുന്നത്. പ്രളയത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു കൈമാറുമെന്ന് പ്രളയബാധിതമേഖലയായ ഹൗറയിലെ ഉദയനാരായണ്പുര് സന്ദര്‍ശിച്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. പശ്ചിമബംഗാളിന് സാധ്യമായ എല്ലാ സഹായങ്ങളും നല്കുമെന്നു പ്രധാനമന്ത്രിയുടെ ട്വീറ്റിലും പറയുന്നുണ്ട്.
സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് 15 പേരാണ് മരണമടഞ്ഞത്. ദാമോദര്‍വാലി അണക്കെട്ടില്‍ നിന്ന് ജലം തുറന്നുവിട്ട തിനെത്തുടര്‍ന്ന് പൂര്‍ബ ബര്‍ദമാന്‍, പശ്ചിമ ബര്‍ദമാന്‍, പശ്ചിമ മേദിനിപുര്‍, ഹൂഗ്ലി, ഹൗറ, 24 പര്‍ഗനാസ് ജില്ലകളില്‍ നിന്നായി മൂന്നുലക്ഷം പേരെയാണു മാറ്റിപാര്‍പ്പിച്ചത്. ഹൗറ, ഹൂഗ്ലി ജില്ലകളില്‍ ആകാശനിരീക്ഷണം നടത്താന്‍ മുഖ്യമന്ത്രി ഇന്നലെ നിശ്ചയിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇത് ഉപേക്ഷിച്ചു. തുടര്‍ന്ന് ഹൗറയിലെ അംതയിലേക്ക് കാര്‍മാര്‍ഗം യാത്രതിരിക്കുകയായിരുന്നു.
Post Your Comments