തിരുവനന്തപുരം: പരമ്പരാഗത തെരുവ് വിളക്കുകൾക്കു പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാൻ ഉദ്ദേശിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന നിലാവ് പദ്ധതിയിലെ എൽ.ഇ.ഡി പാക്കേജ് ഘടന പരിഷ്‌ക്കരിക്കും. നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളോടൊപ്പം സംസ്ഥാന വൈദ്യുതി ബോർഡ് സമർപ്പിച്ച ശിപാർശ പ്രകാരമുള്ള ഘടനയിൽ 100 എൽ.ഇ.ഡി ബൾബുകൾ വീതമുള്ള പാക്കേജുകൾകൂടി ഉൾപ്പെടുത്തും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവിലെ പരമ്പരാഗത ബൾബുകൾ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതുതായി എൽ.ഇ.ഡി തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനും തീരുമാനിച്ചു.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച രജിസ്റ്റർ ചെയ്തത് ഏഴായിരത്തിലധികം കേസുകൾ
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:
സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ
സംസ്ഥാനത്ത് അവയവമാറ്റ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (സോട്ടോ) സ്ഥാപിക്കും. അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഒരു സൊസൈറ്റിയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
ചികിത്സയുമായി ബന്ധപ്പെട്ട മനുഷ്യ അവയവങ്ങളുടെയും ടിഷ്യുകളുടെയും നീക്കം ചെയ്യൽ, സംഭരണം, മാറ്റിവയ്ക്കൽ എന്നിവ നിയന്ത്രിക്കുന്നതിനും വാണിജ്യ ഇടപാടുകൾ തടയുന്നതിനുമായി 2014-ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആന്റ് ടിഷ്യൂസ് റൂൾസിലെ ചട്ടം 31 പ്രകാരം 1994-ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ടിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. തിരുവിതാംകൂർ-കൊച്ചി ലിറ്റററി, സയന്റിഫിക് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സൊസൈറ്റിയായാണ് ഇത് രജിസ്റ്റർ ചെയ്യുക.
ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ടിലെ വ്യവസ്ഥകളും നാഷണൽ ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിലെ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങിനെ കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ ലയിപ്പിക്കും.
തിരുവനന്തപുരം വികസന അതോറിറ്റിയിലെ (ട്രിഡ) വിരമിച്ച ജീവനക്കാർക്കുകൂടി പത്താം പെൻഷൻ പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2020-21 വർഷത്തെ ബോണസു നൽകാൻ തീരുമാനിച്ചു.
ജോലി നൽകും
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ഒ.പി. സാജുവിന്റെ മകൻ, കട്ടപ്പന വെള്ളയാംകുടി സ്വദേശി അജയ് സാജുവിന് ഇടുക്കി ജില്ലയിൽ ക്ലർക്ക് തസ്തികയിൽ ജോലി നൽകാൻ തീരുമാനിച്ചു.
Read Also: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
വിഷവാതകം ശ്വസിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്
ധനസഹായം
കിണർ നിർമ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കൊല്ലം സ്വദേശികളായ രാജൻ, മനോജ്, ശിവപ്രസാദ്, സോമരാജൻ എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ തീരുമാനിച്ചു. രാജന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ (ഭാര്യയ്ക്ക് 1 ലക്ഷം രൂപയും, രണ്ടു മക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും), മനോജിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ (ഭാര്യയ്ക്ക് 1 ലക്ഷം രൂപയും, രണ്ടു മക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും), ശിവപ്രസാദിന്റെ അമ്മയ്ക്ക് രണ്ടു ലക്ഷം രൂപ, സോമരാജന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയും (ഭാര്യയ്ക്ക് രണ്ടു ലക്ഷം രൂപയും, രണ്ടു മക്കൾക്ക് ഓരോ ലക്ഷം രൂപ വീതവും) അനുവദിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ അനുവദിക്കുന്ന തുക ദേശസാൽക്കൃത ബാങ്കിൽ പതിനെട്ടു വയസ്സുവരെ സ്ഥിരനിക്ഷേപം ചെയ്ത് പലിശ രക്ഷകർത്താവിന് ലഭ്യമാക്കുവാനുള്ള നടപടികൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
തസ്തികകൾ
മട്ടന്നൂർ ഗവൺമെന്റ് പോളീടെക്നിക്ക് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചുകളിലേക്ക് 10 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ഹെഡ് ഓഫ് സെക്ഷൻ, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ എന്നിങ്ങനെ ഓരോ തസ്തികകൾ വീതമാണ് സൃഷ്ടിക്കുക.
ശമ്പളപരിഷ്‌ക്കരണം
സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജ് അധ്യാപകർക്ക് ശമ്പളപരിഷ്‌ക്കരണം അനുവദിക്കാൻ തീരുമാനിച്ചു.
Read Also: ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനലിനെ പോലീസ് വിദഗ്ധമായി കീഴ്പ്പെടുത്തി
Post Your Comments