COVID 19Latest NewsKeralaNews

അടച്ചിട്ടിട്ട് കാര്യമില്ല : 15 നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം : സംസ്ഥാനത്ത് പൂര്‍ണമായി അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ.

Read Also : ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു 

നമ്മുടെ ജനസംഖ്യയുടെ ഏതാണ്ട് 55% ആള്‍ക്കാരും വാക്സിനേഷനിലൂടെയോ ക്ലിനിക്കല്‍ / സബ്ക്ലിനിക്കല്‍ അണുബാധയുടെ ഫലമായോ ഒരു പരിധി വരെ പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്ന് വിലയിരുത്താം. ഇവയും നമ്മുടെ നാടിന്റെ സാമൂഹിക സാമ്പത്തിക ഘടകങ്ങളും കണക്കിലെടുത്താല്‍ നിലവിലെ ലോക്ക്ഡൗണ്‍ ഇന്നത്തെ രീതിയില്‍ തുടരുന്നത് ഉചിതമല്ലെന്നും കെജിഎംഒഎ അറിയിച്ചു. 15 നിര്‍ദ്ദേശങ്ങളാണ് കെജിഎംഒഎ വിദഗ്ധ സമിതിയ്ക്ക് സമര്‍പ്പിച്ചത്.

1. വാക്സിനേഷന്‍ വേഗത്തിലാക്കണം.

2. ടിപിആറിനെ മാത്രം അടിസ്ഥാനമാക്കി പ്രദേശങ്ങള്‍ തരംതിരിക്കുന്ന നിലവിലെ രീതിയ്ക്ക് പകരം, മറ്റ് പ്രധാന സൂചകങ്ങളായ പ്രതിദിന പുതിയ പോസിറ്റീവ് കേസുകള്‍, പ്രതിദിന സജീവ കേസുകള്‍ എന്നിവ കൂടി കണക്കാക്കേണ്ടതാണ്.

3. ടിപിആര്‍ കുറയ്ക്കുന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണവും പരിശോധനയ്ക്കുള്ള രോഗികളെയും സൃഷ്ടിക്കുന്നത് ഒഴിവാക്കണം. തെറ്റായ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിനേക്കാള്‍ കേസുകള്‍ തിരിച്ചറിയുക എന്നതായിരിക്കണം പരിശോധനയുടെ ഉദ്ദേശ്യം. അതിനാല്‍ രോഗ ലക്ഷണമുള്ളവരെയും അവരുടെ കോണ്‍ടാക്റ്റുകളെയും ലക്‌ഷ്യം വച്ചു പരിശോധന ശക്തമാക്കണം. കോളനികള്‍, തീരദേശങ്ങള്‍ പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ നിരീക്ഷണവും പരിശോധനയും നടത്തണം.

4. ആദ്യ ഘട്ടത്തില്‍ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കിയ കോണ്‍ടാക്റ്റ് ട്രെയ്സിംഗ്, ക്വാറന്റൈന്‍ തുടങ്ങിയവ ശരിയായി മുന്നോട്ടു കൊണ്ട് പോകണം. അവശ്യേതര മേഖലകളില്‍ നിന്നുള്ള ജീവനക്കാരുടെ സഹായത്തോടെ കോണ്‍ടാക്റ്റ് ട്രെയ്സിംഗ് നടത്താന്‍ പ്രാദേശിക ആര്‍ ആര്‍ ടിയെ ചുമതലപ്പെടുത്തണം. എല്ലാ പോസിറ്റീവ് കേസുകളും 17 ദിവസത്തേക്ക് ക്വാറന്‍റൈന്‍ ചെയ്യണം. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ക്വാറന്‍റൈന്‍ ചെയ്യപ്പെടണം. രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ആര്‍ ടി പി സി ആര്‍ ചെയ്യണം.

5. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍ എന്നിവയില്‍ നിന്നുള്ള പനി, എആര്‍ഐ കേസുകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.

6. ശാരീരിക അകലവും മറ്റ് കോവിഡ് ഉചിത പെരുമാറ്റവും ഉറപ്പാക്കിക്കൊണ്ട് ചന്തസ്ഥലങ്ങള്‍ തുറക്കാന്‍ കഴിയും. അവയുടെ പ്രവര്‍ത്തന സമയം നീട്ടിക്കൊണ്ട് തിരക്ക് കുറയ്ക്കണം.

7. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ തുറക്കാം.

8. ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് ഷോപ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങള്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാം.

9. കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് (എച്ച്‌ഐയും അതിനു മുകളിലും) കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം.

10. സ്വന്തം വാഹനങ്ങളിലെ യാത്ര അടുത്ത കുടുംബാംഗങ്ങളെ മാത്രമേ അനുവദിക്കാവൂ. ഐഡി പ്രൂഫ് പരിശോധിച്ച്‌ ഇത് ഉറപ്പാക്കാന്‍ കഴിയും.

11. പാര്‍ട്ടീഷനോടുകൂടിയ ടാക്സികളും ഓട്ടോറിക്ഷകളും മാത്രമേ അനുവദിക്കാവൂ. ഡ്രൈവര്‍ ക്യാബിനില്‍ യാത്രക്കാരെ അനുവദിക്കരുത്.

12. ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷിക്കാന്‍ അനുവദിക്കരുത്. ദൂരയാത്രക്കാര്‍ക്കായി തുറന്ന സ്ഥലത്ത് അകലത്തില്‍ ഭക്ഷണ സൗകര്യം അനുവദിക്കാം.

13. റിസോര്‍ട്ടുകളും ഹോട്ടലുകളും 25% ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാം. വാക്സിനേഷന്‍ എടുത്തവരെയും കോവിഡിന് പരിശോധനാ ഫലം നെഗറ്റീവ് ആയവരെയും മാത്രമേ പ്രവേശിപ്പിക്കാവൂ.

14. എല്ലാ വലിയ ഒത്തുചേരലുകളും എന്തു വിലകൊടുത്തും ഒഴിവാക്കണം.

15. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവ പൂര്‍ണമായും അടയ്ക്കുന്നതിനേക്കാള്‍ വാര്‍ഡുകള്‍ പോലുള്ള പ്രത്യേക മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button