ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ക്കും 200 ഓളം പോലീസുകാര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് മിസോറാം സര്‍ക്കാര്‍. തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുമായിട്ടാണ് കേസ് പിന്‍വലിക്കുന്നതെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുമുഖ്യമന്ത്രിമാരുമായും ടെലഫോണിൽ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ തീരുമാനിച്ചത്. പ്രശ്‌നങ്ങള്‍ വഷളാകുന്നത് തടയാന്‍ വൈകാരിക സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മിസോറാം മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യപ്പെട്ടു.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്‌ക്കെതിരെ എടുത്ത കേസും പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ മിസോറാം എംപി കെ.വന്‍ലാല്‍വേനയ്‌ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഭീഷണി പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചായിരുന്നു മിസോറാം എംപിക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ജൂലായ് 26-ന് നടന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ആറ് അസം പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിന് ശേഷം അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇരുഭാഗങ്ങളിലും പോലീസും നിലയുറപ്പിച്ചിട്ടുണ്ട്.
Post Your Comments