KeralaLatest NewsNews

ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കേരള ബാങ്ക് ജീവനക്കാരി : 42 കാരിയെ കണ്ടെത്താന്‍ പൊലീസ്

കണ്ണൂര്‍: ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് പയ്യന്നൂര്‍ കാനായി സ്വദേശിനി 42കാരി സീമ. ഇവര്‍ കേരള ബാങ്ക് ജീവനക്കാരിയുമാണ്. ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും ഇവരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ചെറുതാഴം ശ്രീസ്ഥയിലെ പി.വി സുരേഷ് ബാബുവിനെ (52) വധിക്കാന്‍ ശ്രമം നടന്നത്. കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരാണ് പൊലീസ് പിടിയിലായത്.

Read Also : 35000 പെറ്റിയടച്ച് 350 ന്റെ കിറ്റുവാങ്ങുന്നവൻ മലയാളി; വൈറൽ കുറിപ്പ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്ളാറ്റില്‍ താമസിക്കുന്ന സീമ ഏപ്രിലിലാണ് ക്വട്ടേഷനു വേണ്ടി പഴയ പരിചയക്കാരനായ രതീഷിനെ ബന്ധപ്പെടുന്നത്. തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴി തെറ്റിക്കുകയാണെന്നും, തന്നോട് കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും അവനെ കുറച്ചുനാള്‍ കിടത്തണമെന്നും അയാളോട് ആവശ്യപ്പെടുന്നു.

രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് സീമ ജോലി ചെയ്യുന്ന ബാങ്ക് ശാഖയിലെത്തി നേരില്‍ കാണുകയും കൃത്യം നടത്തിയാല്‍ മൂന്നുലക്ഷം രൂപ നല്‍കാമെന്ന കരാര്‍ ഉറപ്പിക്കുകയും ചെയ്തു. മറ്റൊരു ദിവസം സീമ ഇവര്‍ക്ക് 10,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു.

ഇതിനുശേഷം പ്രതികള്‍ ബൈക്കില്‍ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടര്‍ന്നുവെങ്കിലും കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടപ്പിലാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സീമ മറ്റൊരു പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടു. സുധീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ചെയ്തു. ഏപ്രില്‍ 18ന് വൈകുന്നേരം കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുര്‍വേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ സുരേഷ് ബാബുവിന്റെ വീട്ടിലെത്തിയ സംഘം ഇയാളെ വെട്ടുകയായിരുന്നു.

പ്രതികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് സീമയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുതാഴം ശ്രീസ്ഥയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും ഒളിവില്‍ പോയ സീമയെ കണ്ടെത്താന്‍ കേസന്വേഷണ ചുമതലയുള്ള പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button