ന്യൂഡൽഹി: പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ എ.എ.പി. എം.എൽ.എമാരും നേതാക്കളും പങ്കെടുത്ത യോഗത്തിന് ശേഷമാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി വേണമെന്ന് എ.എ.പി. എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വളരെ പെട്ടെന്ന് തന്നെ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെജ്രിവാൾ പറഞ്ഞതായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.
‘സംസ്ഥാനത്തെ ഓരോ ഗ്രാമത്തിന്റെയും ബൂത്തിന്റെയും വിശദാംശങ്ങൾ ശേഖരിക്കുകയും പ്രവർത്തകരെക്കുറിച്ച് അരവിന്ദ് കെജ്രിവാൾ സംസാരിക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ചുള്ള കൂടിക്കാഴ്ചയാണ് നടന്നത്.എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് 2022-ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടും. 2017-ലെ കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകും’- എ.എ.പി. എം.പിയും പഞ്ചാബിലെ ആം ആദ്മി പാർട്ടി അധ്യക്ഷനുമായ ഭഗവന്ദ് മൻ പറഞ്ഞു.
Post Your Comments