കൊല്ലം: മരിച്ചുപോയവർക്കും പെൻഷൻ. സംഭവം കേരളത്തിലാണ്. മരിച്ചുപോയവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിച്ചത് കിഴക്കേകല്ലട ഗ്രാമപ്പഞ്ചായത്ത് ആണ്. പഞ്ചായത്തിന്റെ തീരുമാനം അതേപടി പാലിച്ച് പെൻഷൻ തുക മരിച്ചയാൾക്കു വീട്ടിൽ എത്തിച്ചുകൊടുത്ത് എല്‍ഡിഎഫ് ഭരിക്കുന്ന കിഴക്കേകല്ലട സൗത്ത് സഹകരണ ബാങ്ക്. ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിൽ ആണ് പെൻഷൻ വിതരണത്തിലെ ക്രമക്കേടുകൾ പുറത്തായത്.
കിഴക്കേകല്ലട ഗ്രാമപ്പഞ്ചായത്ത് ഇടതുഭരണത്തിലിരിക്കെയാണ് വ്യാപകമായ ക്രമക്കേട് നടന്നത്. 2019-2020 സാമ്പത്തിക വർഷത്തിലാണ് സംഭവം. പഞ്ചായത്തിലെ 11 പേരാണ് ഇത്തരത്തിൽ ‘മരിച്ച ശേഷവും’ പെൻഷൻ വാങ്ങാൻ ‘വന്നത്’. വിധവ, കർഷകത്തൊഴിലാളി, വാർധക്യകാല പെൻഷനുകൾ എന്നിവയാണ് ബാങ്ക് ഇവരുടെ വീടുകൾ നേരിട്ടെത്തിച്ചത്. 11 പേരുടെയും ബന്ധുക്കൾക്കു ഗ്രാമപ്പഞ്ചായത്തിൽനിന്നു മരണ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്.
Also Read:ജനസംഖ്യ നിയന്ത്രണത്തിനുള്ള നയം വേണമെന്ന് ആര്‍എസ്എസ്: സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
വ്യക്തമായ പരിശോധനയോ അന്വേഷണമോ ഇല്ലാതെ തുക ഇവരുടെ വീടുകളിൽ എത്തിച്ച ബാങ്കിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ഓഡിറ്റിങ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി. ഇത്തരത്തിൽ അനുവദിക്കപ്പെട്ട 1,01,000 രൂപ ബാങ്കിൽ നിന്നോ കൈപ്പറ്റിയവരിൽ നിന്നോ ഈടാക്കാനാണ് ശുപാര്ശയുള്ളത്. എന്നാൽ, പഞ്ചായത്ത് തന്നെ പെൻഷൻ അനുവദിച്ച സ്ഥിതിക്ക് ഇവർ അടച്ചില്ലെങ്കിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നോ ഈടാക്കണമെന്നും ശുപാർശയുണ്ട്.
ഇതുകൂടാതെ, മറ്റു 4 പേർക്ക് അവർ മരിച്ച ശേഷവും പെൻഷൻ വിതരണത്തിനായി ആകെ 67,600 രൂപ ബാങ്കിലേക്ക് അനുവദിച്ചതായും കണ്ടെത്തി. ഈ തുക തിരികെ പിടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 മാർച്ച് 31 നു മരിച്ച വീട്ടമ്മ ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ 2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നേരിട്ടു കൈപ്പറ്റിയതായി രേഖയുണ്ടാക്കി. സമാനമായ രീതിയിൽ തന്നെയാണ് മറ്റ് തട്ടിപ്പുകളും നടന്നിരിക്കുന്നത്.
നിലവിൽ കോൺഗ്രസ് ആണ് ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത്. ബാങ്കിനെതിരെ നടപടി സ്വീകരിക്കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. കിഴക്കേകല്ലട സൗത്ത് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ നേരത്തെയും കണ്ടെത്തിയിരുന്നു. ലോണ്‍ എഴുതിത്തള്ളുന്നതിലും പലിശ സബ്സിഡി നല്‍കുന്നതിലും 33 ലക്ഷം രൂപയുടെ വെട്ടിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തട്ടിപ്പും.
Post Your Comments