കൊല്ലം: ചടയമംഗലം നിയോജകമണ്ഡലത്തിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന മുഴുവൻ റോഡുകളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. വയല തോട്ടംമുക്ക്-പാറക്കടവ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തോട്ടംമുക്ക്-പാറക്കടവ് നിവാസികളുടെ ഏറെ നാളത്തെ യാത്രാ ക്ലേശത്തിനാണ് റോഡ് യാഥാർത്ഥ്യമായതോടെ പരിഹാരമായത്. മണ്ഡലത്തിൽ അനവധി ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാെന്നും എല്ലാ റോഡുകളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മണ്ഡലത്തിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ എം.എൽ.എ മുല്ലക്കര രത്നാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ റോഡ് നിർമ്മിച്ചത്. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അമൃത ചടങ്ങിൽ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ.ഡാനിയൽ, ഗ്രാമപഞ്ചായത്തംഗം ബൈജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments