കാസര്‍കോട്: സംസ്ഥാനത്ത് പ്ലസ്ടു വിജയവുമായി ബന്ധപ്പെട്ട് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളുടെ ഫോട്ടോ വെച്ചുള്ള പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കാസര്‍കോട് അല്‍ ബനാത്ത് ചെറുവാടി വിദ്യാലയം പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മുഖം മൂടിയതും വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സാധിക്കാത്തതുമായ ചിത്രങ്ങള്‍ പോസ്റ്ററിന് വേണ്ടി ഉപയോഗപ്പെടുത്തിയതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. മത-സാമൂഹ്യ രംഗത്തെ പ്രഗല്‍ഭരും ഈ പോസ്റ്ററുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. മുഖാവരണ വിവാദത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഡ്വ. ഷുക്കൂര്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം….
‘പെണ്‍മക്കളുടെ മുഖം പോലും റദ്ദു ചെയ്യുന്ന കണ്ടീഷനിംഗാണ് നമുക്കിടയില്‍ വ്യാപകമായി നടക്കുന്നതി. മുഖമില്ലാത്ത ഈ മനുഷ്യര്‍ വെറും അക്കങ്ങളോ അക്ഷരങ്ങളോ മാത്രമല്ലെന്നും അവര്‍ക്കു മനുഷ്യരെന്ന നിലയില്‍ എല്ലാ അവകാശങ്ങളും ഉണ്ടെന്നും എന്നാണ് നാം തിരിച്ചറിയുക’ -അഡ്വ. ഷുക്കൂര്‍ ചോദിക്കുന്നു.
‘മുഖം മൂടിയിട്ട് വ്യക്തിത്വം റദ്ദു ചെയ്യുന്ന വസ്ത്രധാരണത്തെ വസ്ത്ര സ്വാതന്ത്ര്യമായി കൂട്ടി കെട്ടുന്ന പുരോഗമന വാദികളൊക്കെ ആത്മ പരിശോധന നടത്തുന്നതു നല്ലതാണ്. ബുര്‍ക്കയും പര്‍ദ്ദയും ഹിജാബും നിഖാബും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒക്കെ നമുക്കു അനുഭവം കൊണ്ടറിയാം.
അതുകൊണ്ടു മുഖം മൂടുന്ന വസ്ത്രരീതിക്കെതിരെ പറയുന്നതിനെ പര്‍ദ്ദക്കും ഹിജാബിനും എതിരെയാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം നിഖാബ് ( മുഖം മൂടി) വാദം നിങ്ങള്‍ക്ക് തന്നെ ബോധ്യപ്പെടുന്നില്ല എന്നതിന്റെ അടയാളമാണ്. മുഖം, ഒരു മനുഷ്യന്റെ തിരിച്ചറിയാനുള്ള ഭാഗമാണ്. മുഖം മൂടി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വളര്‍ച്ച വന്ന ഒരു സമൂഹത്തിന്റെ അടയാളമല്ല’
‘മുഖം മൂടുന്ന വസ്ത്രം , വസ്ത്ര ധാരണ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്തി , ബിക്കിനി വാദം ഉന്നയിച്ചു മറു വാദം പറയുന്നത് ദുര്‍ബലമായ അവസ്ഥയാണ് സഹോദരങ്ങളെ .., മുഖം തുറന്നു നമ്മുടെ മക്കള്‍ ലോകം കാണട്ടെ , നമ്മുടെ മക്കളെ ലോകവും കാണട്ടെ’ എന്ന് പറഞ്ഞാണ് അഡ്വ. ഷുക്കൂര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Post Your Comments