ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ആശങ്കയായി തുടരുന്ന കേരളമാണ് ഇപ്പോള്‍ ദേശീയതലത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും കേരളത്തിലെ രോഗവ്യാപനം പ്രതിദിനം വര്‍ധിച്ചുവരികയാണ്. കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലിന്റെ പരാജയം ദേശീയ മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡ് വ്യാപനം പ്രതിരോധിക്കപ്പെട്ടപ്പോള്‍ കേരളത്തിന് മാത്രമാണ് രോഗത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പോയത്. നിലവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ 50 ശതമാനത്തിലധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്. ഇതോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പൊട്ടിപ്പുറപ്പെടുക കേരളത്തില്‍ നിന്നാകുമോ എന്നാണ് ഏവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്.
ബക്രീദ് ആഘോഷങ്ങള്‍ക്കായി നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതാണ് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന വിമര്‍ശനവും ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതലുള്ള ഡി കാറ്റഗറിയില്‍പ്പോലും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ കൈവിട്ട കളിയ്ക്ക് മുതിര്‍ന്നതെന്നും ആക്ഷേപമുണ്ട്.
പ്രതിദിനം 22,000ത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍
കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറായ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കും.
Post Your Comments