Latest NewsNewsIndia

‘ബിജെപിയെ മുട്ടുകുത്തിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നേ പറ്റൂ’: മമതയുടെ ആഹ്വാനം ലക്ഷ്യം കാണുമോ?

നേതാവാരെന്ന കാര്യം പിന്നീടു തീരുമാനിക്കാമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടാകുന്നതിനാണ് ഇപ്പോൾ ഊന്നൽ നൽകേണ്ടതെന്നുമാണു മമതയുടെ നിലപാട്.

ന്യൂഡൽഹി: രാജ്യത്ത് ബിജെപി ഭരണപ്രദേശങ്ങളിൽ അധികാരം ഉറപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, പ്രതിപക്ഷ ഐക്യ ചർച്ചകൾ ദേശീയ തലത്തിൽ ചൂടുപിടിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നേ പറ്റൂ എന്ന സന്ദേശവുമായാണു സോണിയയുടെ വസതിയിലേക്കു മമത എത്തിയത്.

ദേശീയതലത്തിൽ ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷനിര രൂപീകരിക്കുന്നതിനെ കോൺഗ്രസ് പൂർണമായി പിന്തുണയ്ക്കുന്നു. എന്നാൽ, അതിന്റെ നേതാവാരാകുമെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ഉയർന്നുവന്നിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കാനായാൽ, ഐക്യ പ്രതിപക്ഷ നേതൃത്വത്തിനു കോൺഗ്രസ് അവകാശവാദമുന്നയിക്കും. പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടും. മറിച്ചാണു ഫലമെങ്കിൽ, മമത ബാനർജി, ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കളെ മുന്നിൽ നിർത്തണമെന്ന വാദം പ്രതിപക്ഷ കക്ഷികൾക്കിടയിൽ ശക്തമാകും.

Read Also: താലിബാനെ വേട്ടയാടുന്നതെന്തിന്? അവർ സാധാരണ മനുഷ്യരാണ്: ഇമ്രാൻ ഖാൻ

ഡിഎംകെ നേതാവ് കനിമൊഴിയെയും മമത ഇന്നലെ സന്ദർശിച്ചു. കോൺഗ്രസുമായി അകന്നുനിൽക്കുന്ന പ്രതിപക്ഷ കക്ഷികളുമായി സഹകരണത്തിന്റെ പാലമിടാൻ സാധിക്കുമെന്നതു മമതയുടെ പ്രസക്തി വർധിപ്പിക്കുന്നു. നേതാവാരെന്ന കാര്യം പിന്നീടു തീരുമാനിക്കാമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടാകുന്നതിനാണ് ഇപ്പോൾ ഊന്നൽ നൽകേണ്ടതെന്നുമാണു മമതയുടെ നിലപാട്. വൈ.എസ്. ജഗൻമോഹൻ റെഡ്ഡി (വൈഎസ്ആർ കോൺഗ്രസ്), നവീൻ പട്നായിക് (ബിജെഡി), അരവിന്ദ് കേജ്‍‌രിവാൾ (ആം ആദ്മി) എന്നിവരുമായി മമതയ്ക്കുള്ള ഊഷ്മള ബന്ധം പ്രതിപക്ഷ നിര വിപുലമാക്കാൻ സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button