വാഷിങ്ടൺ : കോവിഡിന്റെ ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗം. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കൻ പോക്സ് പോലെ പടരുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗം പറയുന്നു. വാക്സിനെടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെൽറ്റ വകഭേദം വ്യാപിക്കുമെന്നും ഇവർ വ്യക്തമാക്കി.
കോവിഡിന്റെ ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. മെർസ്, സാർസ്, എബോള തുടങ്ങിയ രോഗങ്ങളെക്കാൾ രോഗവ്യാപന ശേഷി ഡെൽറ്റ വകഭേദത്തിനുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഴ്ചതോറും അമേരിക്കയിലെ വാക്സിനെടുത്ത 35,000 പേരിൽ രോഗലക്ഷണങ്ങളോടെ ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യഥാർത്ഥ രോഗബാധ ഇതിലും കൂടുതലാകാനാണ് സാധ്യത. എന്നാലും വാക്സിനുകൾ ഗുരുതര രോഗബാധ ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദഗ്ദർ പറയുന്നു. രോഗപ്പകർച്ച തടയാൻ വാക്സിന് പരിമിതിയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments