ഡൽഹി: പുലിസ്റ്റാർ സമ്മാൻ ജേതാവും ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതാണെന്ന് റിപ്പോർട്ട്. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനറാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കാണ്ഡഹാറിൽ അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാർത്തകൾ. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ.
റിപ്പോർട്ട് പ്രകാരം, അഫ്ഗാൻ കരസേനയ്‌ക്കൊപ്പം ഡാനിഷ് സിദ്ദിഖി സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുന്നതിനിടയിലുണ്ടായ താലിബാൻ ആക്രമണത്തിൽ ഈ സംഘം വിഭജിക്കപ്പെടുകയും കമാൻഡറും കുറച്ച് ആളുകളും സിദ്ദിഖിയിൽ നിന്ന് വേർപിരിഞ്ഞ് മൂന്ന് അഫ്ഗാൻ സൈനികരോടൊപ്പമാവുകയും ചെയ്തു.
ഈ ആക്രമണത്തിനിടയിൽ സിദ്ദിഖിയ്ക്ക് നേരിയ പരിക്കേറ്റതിനാൽ അദ്ദേഹവും സംഘവും ഒരു പ്രാദേശിക പള്ളിയിൽ പ്രാഥമിക ചികിത്സ തേടി. അതേസമയം ഒരു ഇന്ത്യൻ പത്രപ്രവർത്തകൻ പള്ളിയിലുണ്ടെന്ന വാർത്ത പരന്നപ്പോൾ, താലിബാൻ പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സിദ്ധിഖിയുടെ സാന്നിധ്യം കാരണം മാത്രമാണ് താലിബാൻ പള്ളി ആക്രമിച്ചതെന്ന് വാഷിങ്ടൺ എക്സാമിനർ റിപ്പോർട്ടിൽ പറയുന്നു.
താലിബാൻ ഭീകരർ പിടികൂടിയപ്പോൾ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. സിദ്ദിഖിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചതിന് ശേഷം അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും ചെയ്തു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ അഫ്ഗാൻ കമാൻഡറും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റുള്ളവരും മരണപ്പെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
‘സിദ്ധിക്കിയുടെ ഫോട്ടോകളും മൃതദേഹത്തിന്റെ വീഡിയോയും അവലോകനം ചെയ്തതിൽനിന്നും താലിബാൻ സിദ്ദിഖിയെ തലയ്ക്ക് അടിക്കുകയും തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും മനസ്സിലായി. ശരീരത്തിൽ വെടിയുണ്ടകൾ കാണാമായിരുന്നു. മൃതദഹം വികൃതമാക്കിയ നിലയിലും’. റിപ്പോർട്ടിൽ പറയുന്നു.
Post Your Comments