റാഞ്ചി: ജില്ലാ ജഡ്ജി ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അപകടമരണമെന്ന് തോന്നിപ്പിക്കും വിധമുള്ള ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രഭാത സവാരിയ്ക്കിറങ്ങിയ ഉത്തം ആനന്ദിനെ പിന്നിലൂടെ എത്തിയ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തം ആനന്ദിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. വണ്ടി ഇടിച്ച് രക്തം വാര്‍ന്ന നിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന ഉത്തം ആനന്ദിനെ അതുവഴി കടന്നുപോയ ഒരാളാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ 5 മണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ഉത്തം ആനന്ദ് 7 മണിയായിട്ടും തിരികെ എത്താതിരുന്നതോടെ കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍ മരിച്ചത് ഉത്തം ആനന്ദാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മോഷ്ടിച്ച വാഹനം ഉപയോഗിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും മനപ്പൂര്‍വ്വം വണ്ടി ഇടിപ്പിച്ചതാണെന്ന കാര്യം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പോലീസ് അറിയിച്ചു. ഉത്തം ആനന്ദ് പരിഗണിച്ചിരുന്ന കേസുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ രണ്ട് ഗുണ്ടാത്തലവന്‍മാരുടെ ജാമ്യാപേക്ഷ അദ്ദേഹം തള്ളിയതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments