
തൃശൂര്‍ : പ്രവാസികളുടെ യാത്രാ വിലക്കിനെതിരെ വിമാനത്തിന്റെ മാതൃകയുണ്ടാക്കി പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. തൃശൂര്‍ പട്ടാളം റോഡിലെ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍നിന്ന് വടക്കേ സ്റ്റാന്‍ഡിലെ ഏജീസ് ഓഫിസിന് മുന്നിലേക്കാണ് സമരം നടത്തിയത്.
കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. വിന്‍സെന്റിന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. 10 പേര്‍ക്ക് കയറാവുന്ന പ്രതീകാത്മക വിമാനത്തില്‍ 14 പോയന്റുകളില്‍നിന്ന് യാത്രക്കാര്‍ കയറി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത സമരം ഡി.സി.സി പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രവാസികളുടെ യാത്രവിലക്ക് വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അതേസമയം പ്രവാസികളുടെ യാത്രാ വിലക്ക് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നതായി മുഖ്യപ്രഭാഷണം നിര്‍വഹിച്ച ടി.എന്‍. പ്രതാപന് എം.പി പറഞ്ഞു. പി.എ. മാധവന്, ടി.വി. ചന്ദ്രമോഹന്, ജോസഫ് ചാലിശ്ശേരി, എന്‍.കെ. സുധീര്‍, ജോസ് വള്ളൂര്‍, സി.എസ്. ശ്രീനിവാസന്, രാജേന്ദ്രന് അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, സി.ഒ. ജേക്കബ്, ഷാഹുല്‍ പണിക്കവീട്ടില്‍, സജി പോള്‍ മാടശ്ശേരി തുടങ്ങിയവര്‍ സമരത്തിൽ പങ്കെടുത്തു.
Post Your Comments