KeralaLatest NewsNewsIndiaInternational

ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ

വിപണിമൂല്യം അനുസരിച്ച്‌ ഏകദേശം 16.3 കോടി ഇന്ത്യന്‍ രൂപ ഇവയ്ക്ക് വില വരും

സിഡ്നി: ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാമൂല്യമുള്ളതും പുരാതനവുമായ പതിനാലോളം വസ്തുക്കള്‍ ഇന്ത്യക്ക് മടക്കി നല്‍കുമെന്നാണ് ആര്‍ട്ട് ഗാലറി അധികൃതർ വ്യക്തമാക്കിയത്. വിപണിമൂല്യം അനുസരിച്ച്‌ ഏകദേശം 16.3 കോടി ഇന്ത്യന്‍ രൂപ ഇവയ്ക്ക് വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യക്ക് മടക്കി നൽകുന്ന പുരാവസ്തുക്കളിൽ ആറെണ്ണമെങ്കിലും വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു. വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരമാണ് ഇപ്പോള്‍ ഇന്ത്യക്ക് കൈമാറാന്‍ ആര്‍ട്ട് ഗാലറി അധികൃതർ തയ്യാറായിട്ടുള്ളത്. പുരാവസ്തുക്കൾക്ക് മതപരമായി ബന്ധമുള്ളതിനാല്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയന്‍ അധികൃതരുടെ നിഗമനം.

പുരാവസ്തുക്കളില്‍ ഏറിയപങ്കും സുഭാഷ് കപൂര്‍ എന്നയാൾ വഴിയാണ് ഓസ്ട്രേലിയയില്‍ എത്തിയത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട കേസിൽ മാന്‍ഹട്ടനില്‍ വിചാരണ കാത്ത് തടവില്‍ കഴിയുകയാണ് സുഭാഷ് കപൂര്‍. പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകുന്നതിലൂടെ നാഷണല്‍ ആര്‍ട്ട് ഗാലറിയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഒരു കാലഘട്ടത്തിനാണ് അന്ത്യം കുറിക്കുന്നതെന്ന് ആര്‍ട്ട് ഗാലറി ഡയറക്ടര്‍ നിക്ക് മിറ്റ്സെവിച്ച്‌ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button