തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്കിലും കോടികളുടെ വായ്പാ തട്ടിപ്പ്. വായ്പാ തട്ടിപ്പ് വഴി ബാങ്കിലെ ജീവനക്കാർ അടിച്ചെടുത്തത് ഏഴ് കോടിയിലധികം രൂപയാണ്. ഒരു വർഷം മുൻപ് സഹകരണവകുപ്പ് ഇക്കാര്യം കണ്ടെത്തിയെങ്കിലും ഇതിൽ നടപടിയൊന്നും ആയിട്ടില്ല. നഷ്ട്ടമായ പണം തിരികെ പിടിക്കാൻ ഇതുവരെ നടപടി ആയിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ആര്യനാട് ബാങ്കിലെ തട്ടിപ്പ് പോലെ കരുവന്നൂരിലെ തട്ടിപ്പും എങ്ങുമെത്താതെ പോകുമോയെന്ന ആശങ്കയിലാണ് ജനം.
ആര്യനാട് സർവീസ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗം കൂടിയായ ശശിധരന് ഒരു ദിവസം ബാങ്കിൽ നിന്നൊരു നോട്ടീസെത്തി. മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു നോട്ടീസ്. മൂന്ന് ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെയുള്ള തുകകൾ വീതമാണ് മറ്റ് പലരുടെയും പേരിൽ വായ്‌പ എടുത്തിരിക്കുന്നത്. ആര്യനാട് സഹകരണബാങ്കിനു പരിധിക്കുള്ളിൽ വരുന്ന 185ലധികം പേരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ അവരറിയാതെ വച്ച് വായ്പ എടുക്കുകയായിരുന്നു ജീവനക്കാർ.
ബാങ്കിന്‍റെ സായാഹ്നശാഖയിലെ ബാങ്ക് മാനേജർ, ജൂനിയർ ക്ലർക്ക് എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവം വിവാദമായതോടെ സെക്രട്ടറി, അസിസ്റ്റൻഡ് സെക്രട്ടറി, ഇന്റേൺ ഓഡിറ്റർ എന്നിവരുൾപ്പടെ പാർട്ടി അനുഭാവികളായ അഞ്ച് പേരെ സസ്പെന്‍റ് ചെയ്തു. അന്നത്തെ സെക്രട്ടറിയുടെ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സിപിഎമ്മിന്‍റെ കണ്ടെത്തൽ. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുന്നതും പരാതി ലഭിക്കുന്നതും ഒരു വർഷം മുൻപാണ്. ഉടനടി തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രണ്ടാഴ്ച മുൻപാണ് തെളിവെടുപ്പിനെത്തിയത്.
Post Your Comments