തിരുവനന്തപുരം : മുട്ടിൽ മരം മുറിക്കേസിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സർക്കാരിന്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മരംമുറിയുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമുണ്ടായെന്നും 701 കേസുകൾ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും കൂടുതൽ കേസ് എടുത്തിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്നാണ് കോടതി പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also : രാജ്യത്തെ പ്രധാന വിമാനത്താവളത്തിന് അല്‍-ഖ്വയ്ദ ഭീഷണി: സുരക്ഷ ശക്തമാക്കി
സർക്കാർ സ്പോൺസേർഡ് അഴിമതിയാണ് മരംമുറിയെന്ന് ബിജെപി പറഞ്ഞത് ഹൈക്കോടതിയും അംഗീകരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ പണം സമാഹാരം ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വിവാദ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. റവന്യൂ വകുപ്പിനും വനംവകുപ്പിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മും സിപിഐയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഈ പണം ചിലവഴിച്ചിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ പുറത്ത് വരില്ല. തിങ്കളാഴ്ചയ്ക്ക് മുദ്രവെച്ച കവറിൽ കേസ് അന്വേഷണത്തിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറാനുള്ള നിർദ്ദേശം സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments