അഗര്‍ത്തല: പ്രശാന്ത് കിഷോറിന്റെ സംഘത്തിനെതിരെ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ച സംഭവത്തിൽ ത്രിപുര പൊലീസ് നടപടി. തൃണമൂല്‍ കോണ്‍ഗ്രസിനായി സര്‍വേ നടത്തുന്നതിനും പ്രവർത്തിക്കുന്നതിനുമായി അഗര്‍ത്തലയിലെ ഒരു ഹോട്ടലില്‍ കഴിയുകയായിരുന്ന സംഘത്തെയാണ് ത്രിപുര പോലീസ് പുറത്തു പോകാൻ സമ്മതിക്കാതിരുന്നത്.
സംസ്‌ഥാനത്തിനു പുറത്തുനിന്നെത്തിയ ഇരുപതിലധികം പേര്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പലയിടങ്ങളിലും ചുറ്റിത്തിരിയുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നടപടിയെന്നു പോലീസ് പിന്നീട് വിശദീകരിച്ചു. ഇവരുടെ കോവിഡ് പരിശോധനാഫലം പുറത്തുവരുന്ന മുറയ്‌ക്കു തുടര്‍നടപടി സ്വീകരിക്കുമെന്നും വെസ്‌റ്റ് ത്രിപുര എസ്.പി. വാര്‍ത്താ ഏജന്‍സിയോടു വ്യക്‌തമാക്കി.
22 പേരടങ്ങുന്നതാണ് പ്രശാന്തിന്റെ സംഘം . ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ ഇന്ന് രാവിലെ മുതല്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. രാവിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങൾ നടത്തുന്നതിനായി പുറത്തേക്ക് ഇറങ്ങിയ ഇവരെ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചതിനാണ് പോലീസ് തടഞ്ഞത്. ത്രിപുരയിൽ ഇപ്പോൾ കോവിഡ് നിയന്ത്രണത്തിലാണ് ഉള്ളത്. ഇതിനിടെ ആണ് മറ്റൊരു സംസ്ഥാനത്തു നിന്നുള്ള സംഘം എത്തിയതും തെരഞ്ഞെടുപ്പിനായി കരുക്കൾ നീക്കാൻ ശ്രമിച്ചതും.
മമത ബംഗാളിൽ വീണ്ടും വിജയിച്ചതോടെ മുഖ്യ പ്രതിപക്ഷമായ ബിജെപിക്കെതിരെ പ്രത്യക്ഷത്തിൽ മത്സരിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷ നീക്കത്തിൽ മമതയെ മുന്നിൽ നിർത്തണമെന്നാണ് പല കക്ഷികളുടെയും താല്പര്യം. എന്നാൽ ഇക്കാര്യത്തിൽ ശരദ് പവാറിനും കോൺഗ്രസിനും വലിയ താല്പര്യമില്ല എന്നാണ് റിപോർട്ടുകൾ.
Post Your Comments