ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തില്‍ താഴെ എത്തിയിരിക്കുകയാണ്. എന്നാല്‍, കോവിഡ് കേസുകളുടെ എണ്ണം ആശ്വാസകരമായി കുറയുമ്പോഴും അഞ്ച് സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ആശങ്കയായി തുടരുകയാണ്.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളും മരണങ്ങളും ഉയര്‍ന്നു നില്‍ക്കുന്നത്. ഇവയില്‍ കേരളത്തിലാണ് പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത് ആകെ 39,361 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഇതില്‍ 17,466 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 16 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒഡീഷയില്‍ ശരാശരി പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. മെയ് 1ന് ശരാശരി മരണം 10 ആയിരുന്നെങ്കില്‍ ജൂണ്‍ 1ന് ഇത് 34 ആയും ജൂലൈ 1ന് 43 ആയും ഉയര്‍ന്നു. ജൂലൈ 26ന് ഇത് 65 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഒഡീഷ ഒഴികെയുള്ള നാല് സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ വാക്‌സിനേഷനിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments