കൊച്ചി: സംസ്ഥാനത്ത് ആദിവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയ്ക്കായി വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2019 മെയ് ഒന്ന് മുതല്‍ 2021 ഫബ്രുവരി 28 വരെയാണ് പട്ടികവര്‍ഗ ഡയറക്ടറേറ്റില്‍ പരിശോധന നടത്തിയത്. അട്ടപ്പാടിയില്‍ ശിശു മരണം മാധ്യമ വാര്‍ത്തയായതോടെയാണ് 2013 ല്‍ ആദിവാസി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഈ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 18 മാസം വരെ ഇത്തരത്തില്‍ സാമ്പത്തികസഹായം നല്‍കാനായിരുന്നു ഉത്തരവ്.
ഗര്‍ഭിണികളുടെയും അമ്മമാരുടെയും ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് അവര്‍ക്ക് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാന്‍ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുന്നതാണ് ജനനി ജന്മരക്ഷ. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ പ്രതിമാസ ധനസഹായം 1,000 രൂപയാണ് നിശ്ചയിച്ചത്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് തുക 2,000 രൂപയായി വര്‍ധിപ്പിച്ച് പട്ടികവര്‍ഗ വികസനവകുപ്പ് 2018 ജൂലൈ 23 ന് ഉത്തരവിറക്കി.
ജനനി ജന്മരക്ഷ കൂടുതല്‍ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകളും ഇടത് സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ചുവെന്നാണ് മന്ത്രി എ.കെ. ബാലന്‍ അവകാശപ്പെട്ടത്. സാമ്പത്തിക സഹായം എല്ലാ മാസവും കൃത്യമായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണം.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനുള്ള ചുമതല പട്ടികവര്‍ഗ വികസന ഡയറക്ടര്‍ക്കായിരിക്കും. ഗുണഭോക്താക്കളില്‍ പദ്ധതിയുടെ വിവരവും ആനുകൂല്യവും യഥാസമയം എത്തുന്നതായി ഉറപ്പിക്കാന്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തും. ഇതിനായി വകുപ്പുതലത്തില്‍ ഉന്നത ഉദ്യോഗസ്ഥന് ചുമതല നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. അതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Post Your Comments