വഡോദര : ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ കോടതിയുടെ സഹായം തേടി യുവതി. കോടതി ഉത്തരവ് പ്രകാരം, ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തുകയും ചെയ്തു.
ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കഴിഞ്ഞ മെയ് 10-നാണ് കോവിഡ്-19 ബാധിച്ച് യുവതിയുടെ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് ന്യുമോണിയ ബാധിക്കുകയും എക്‌സ്ട്രാകോര്‍പ്രിയല്‍ മെമ്ബ്രേന്‍ ഓക്‌സിജനേഷന്‍ ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ സഹായം തേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു യുവതി. ദുരിതപൂര്‍ണ്ണമായ യുവതിയുടെ അവസ്ഥ കണ്ട് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രോഗിയുടെ ബീജം ശേഖരിക്കാനും സംരക്ഷിക്കാനും സ്‌റ്റെര്‍ലിങ്ങ് ആശുപത്രിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ശേഖരിച്ച ബീജം ആശുപത്രിയില്‍ നിന്ന് ഐവിഎഫ് ബാങ്കിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് രോഗി മരണമടയുന്നത്.
രോഗിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന്, ഇദ്ദേഹത്തിന് 24 മണിക്കൂര്‍ കൂടിയേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ ഭാര്യയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തന്റെ ആഗ്രഹം അറിയിക്കുന്നത്. അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്‌നോളജി (ART) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവര്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുക. അബോധാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിന് സമ്മതം രേഖപ്പെടുത്തുവാന്‍ കഴിയാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഇവരുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണിവര്‍ കോടതിയെ സമീപിക്കുന്നത്.
Post Your Comments