തിരുവനന്തപുരം : ഒളിമ്പിക്സിൽ പങ്കെടുക്കാന്‍ യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനും ടീമിലെ മലയാളിതാരങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
‘ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതിലൂടെ വലിയൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നീണ്ടനാളത്തെ കഠിനാദ്ധ്വാനം ഇതിനു പിന്നിലുണ്ട്. മികച്ച പ്രകടനത്തിലൂടെ കേരളത്തിന്റെ വരും തലമുറയ്ക്ക് പ്രചോദനമാകാൻ അവർക്ക് സാധ്യമാകട്ടെ. കായികതാരങ്ങള്‍ക്ക് കേരളം എല്ലാ പിന്തുണയും നല്‍കും. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനും ടീമിലെ മലയാളിതാരങ്ങള്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു’, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് മലയാളികൾ. ഇതുവരെയുള്ള പ്രതീക്ഷ അവസാനിച്ചെന്ന് കമ്മെന്റുമായി നിരവധി പേർ എത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ മറികടന്ന് ജപ്പാനിലെ ടോക്കിയോയില്‍ കായികലോകത്തെ മഹാമേളയായ ഒളിമ്പിക്സിന് തുടക്കമായി. ‘മുന്നോട്ട്’ എന്ന തീം ആധാരമാക്കി തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ ഏതു പ്രതിസന്ധിയും അതിജീവിച്ച് മനുഷ്യസമൂഹം മുന്നോട്ടു തന്നെ പോകുമെന്ന പ്രഖ്യാപനമായി മാറി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒളിമ്പിക്‌സ് മത്സരവേദികളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെങ്കിലും, നീണ്ട നാളുകള്‍ക്ക് ശേഷം കളിക്കളങ്ങള്‍ ഉണരുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഏതൊരു അത്‌ലറ്റിന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത്. ഓഗസ്റ്റ് എട്ടിന് ഒളിംപിക്‌സിന്റെ സമാപനം കുറിക്കുമ്പോള്‍ ലോകം പുതിയ ദൂരവും പുതിയ വേഗവും പുതിയ ഉയരവും കുറിച്ചിരിക്കും. അതിനപ്പുറം, ഒളിമ്പിക്‌സ് മാനവരാശിയുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്തായ പ്രതീകമാണ്.
ഇന്ത്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി മൽസരിക്കുന്ന 126 താരങ്ങളിൽ 9 മലയാളികളുമുണ്ട്. ലോങ്ങ് ജമ്പില്‍ ശ്രീ ശങ്കർ, റിലേയില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, അമോജ് ജേക്കബ്, നടത്തത്തില്‍ കെ ടി ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സി പി ജാബിര്‍, മിക്‌സഡ് റിലേയില്‍ അലക്‌സ് ആന്റണി എന്നിവരാണ് ടോക്കിയോയില്‍ മത്സരിക്കാന്‍ ഇറങ്ങുന്ന മലയാളി അത്‌ലറ്റുകള്‍. നീന്തലില്‍ സജന്‍ പ്രകാശും ഹോക്കിയില്‍ പി ആര്‍ ശ്രീജേഷുമുണ്ട്.
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതിലൂടെ വലിയൊരു നേട്ടമാണ് അവർ കൈവരിച്ചിരിക്കുന്നത്. നീണ്ടനാളത്തെ കഠിനാദ്ധ്വാനം ഇതിനു പിന്നിലുണ്ട്. മികച്ച പ്രകടനത്തിലൂടെ കേരളത്തിന്റെ വരും തലമുറയ്ക്ക് പ്രചോദനമാകാൻ അവർക്ക് സാധ്യമാകട്ടെ. കായികതാരങ്ങള്‍ക്ക് കേരളം എല്ലാ പിന്തുണയും നല്‍കും. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനും ടീമിലെ മലയാളിതാരങ്ങള്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
https://www.facebook.com/PinarayiVijayan/posts/4259976234094174
Post Your Comments